മെസി ടാറ്റായുടെ ബ്രാന്‍ഡ് അംബാസിഡര്‍; കരാര്‍ രണ്ട് വര്‍ഷത്തേക്ക്

ന്യൂഡല്‍ഹി: അര്‍ജന്റീനന്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസി ഇനി ടാറ്റയുടെ ബ്രാന്‍ഡ് അംബാസിഡര്‍. മെസി ആദ്യമായാണ് ഒരു ഇന്ത്യന്‍ കമ്പനിയുടെ അംബാസിഡറാകുന്നത്. ആഗോള മാര്‍ക്കറ്റില്‍ ശ്രദ്ധ പതിപ്പിക്കുന്നതിന്റെ ഭാഗമായാണ് മെസിയെ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ചത്.

രണ്ട് വര്‍ഷത്തേക്കാണ് കരാര്‍. മെസിയെ കേന്ദ്ര കഥാപാത്രമാക്കിയുള്ള ആദ്യ പരസ്യം ഉടന്‍ തന്നെ ടാറ്റ പുറത്ത് വിടും. ഹോളിവുഡ് സംവിധായകനായ ഡാനിയല്‍ ബെന്‍മേയറാണ് പരസ്യം സംവിധാനം ചെയ്യുക.

എല്ലാ ഉത്പന്നങ്ങള്‍ക്കുമായി ടാറ്റ ഒരു ആഗോള ബ്രാന്‍ഡ് അംബാസിഡറെ നിയമിക്കുന്നത് ആദ്യമായാണ്. ലോക വിപണിയില്‍ ഫുട്‌ബോളിനുള്ള സ്വീകാര്യതയും അത് ഇന്ത്യന്‍ വിപണിയില്‍ ഉണ്ടാക്കുന്ന സ്വാധീനവും നിരീക്ഷിച്ചാണ് ഫുട്‌ബോള്‍ രംഗത്ത് നിന്നുള്ള ഒരാളെ ബ്രാന്‍ഡ് അംബാസിഡറായി തെരഞ്ഞെടുത്തതെന്ന് ടാറ്റയുടെ പാസഞ്ചര്‍ വെഹിക്കിള്‍ ബിസിനസ് യൂണിറ്റ് പ്രസിഡന്റ് മായങ്ക് പരീക്ക് പറഞ്ഞു.

ഒരു ഇന്ത്യന്‍ ബ്രാന്റിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഇന്ത്യയുടെ വൈവിധ്യത്തെ കുറിച്ച് നിരവധി തവണ കേട്ടിട്ടുണെ്ടന്നും എന്നും തന്നെ മോഹിപ്പിച്ച രാജ്യമാണ് ഇന്ത്യയെന്നും മെസി പറഞ്ഞു.

Top