മെസി അര്‍ജന്റീന ദേശീയ ടീമില്‍ നിന്ന് അവധിയെടുക്കുന്നു

ലയണല്‍ മെസി അര്‍ജന്റീന ദേശീയ ടീമില്‍ നിന്ന് അവധിയെടുക്കുന്നു. കോപ്പ അമേരിക്ക ഫൈനല്‍ തോല്‍വിയെത്തുടര്‍ന്നുള്ള കടുത്ത വിമര്‍ശനങ്ങളാണ് തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. ഫൈനലിലെ തോല്‍വി മറ്റെന്തിനേക്കാളും വേദനിപ്പിക്കുന്നതായി മെസി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പറഞ്ഞു.

കോപ്പ അമേരിക്ക ഫുട്‌ബോള്‍ ഫൈനലില്‍ ചിലിയോട് തോറ്റതിന് കാരണക്കാരന്‍ മെസി മാത്രമെന്ന തരത്തിലാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. ക്ലബ് ഫുട്‌ബോളില്‍ ബാര്‍സിലോണയ്‌ക്കെന്നതുപോലെ അര്‍ജന്റീനയുടെ ജഴ്‌സിയില്‍ മികവുകാട്ടാന്‍ മെസിക്കാകുന്നില്ലെന്നായിരുന്നു തോല്‍വിക്കു പിന്നാലെ ടെലിവിഷന്‍ ചര്‍ച്ചകളുടെ സ്വഭാവം. ലോകകപ്പ് ഫൈനലില്‍ ജര്‍മനിയോട് തോറ്റപ്പോഴും ഇതായിരുന്നു അവസ്ഥ. .

വിമര്‍ശനങ്ങളും പരിഹാസവും ഇങ്ങനെ പലവഴിക്കു തുടരുന്നതാണ് ദേശീയ ടീമില്‍ കളിക്കുന്നതിന് ഇടവേള നല്‍കാന്‍ മെസിയെ പ്രേരിപ്പിക്കുന്നത് . ഇതിഹാസതാരങ്ങള്‍ക്കൊപ്പമാണ് സ്ഥാനമെങ്കിലും പെലെയ്‌ക്കോ മറഡോണയ്‌ക്കോ എന്നപോലെ ഒരു ലോകകിരീടം മെസിക്ക് ഇനിയും അന്യമാണ്.

ഫൈനലില്‍ തോല്‍ക്കുന്നതിനേക്കാള്‍ വേദനിപ്പിക്കുന്ന മറ്റൊന്നില്ലെന്നായിരുന്നു കോപ്പ തോല്‍വിയെക്കുറിച്ച് മെസിയുടെ പ്രതികരണം. പ്രതിസന്ധി ഘട്ടത്തിലും പിന്തുണച്ചവര്‍ക്ക് തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ മെസി നന്ദി പറഞ്ഞു. തോല്‍വിയില്‍ നിരാശനായ മെസി കോപ്പ പ്ലെയര്‍ ഓഫ് ദ് ടൂര്‍ണമെന്റ് ട്രോഫി നിരസിച്ചിരുന്നു.

അതേസമയം ദേശീയ ടീമില്‍ നിന്ന് മെസി വിട്ടുനില്‍ക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനാകില്ലെന്നും വിമര്‍ശനങ്ങള്‍ അവസാനിപ്പിക്കണമെന്നും അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ലൂയീസ് സെഗ്യൂറോ ആവശ്യപ്പെട്ടു.

മെസിയെ പിന്തുണച്ച് ഒട്ടേറെ മുന്‍താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. സെപ്റ്റംബറില്‍ സൗഹൃദഫുട്‌ബോളില്‍ മെക്‌സിക്കോയ്‌ക്കെതിരെയാണ് അര്‍ജന്റീന യുടെ അടുത്ത മല്‍സരം.

Top