മെസിയ്ക്ക് പിന്‍തുണയുമായി ദേശീയ ടീം കോച്ച് ജെറാദോ മാര്‍ട്ടിനോ

ബ്യൂണസ് ഐറിസ്: മെസിയുടെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ അര്‍ജന്റീനയുടെ നീലക്കുപ്പായത്തോടു നേരത്തെ വിടപറയുമായിരുന്നെന്ന് ദേശീയ ടീം കോച്ച് ജെറാദോ മാര്‍ട്ടിനോ. കടുത്ത വിമര്‍ശനങ്ങള്‍ കേട്ടിട്ടും അര്‍ജന്റീനയ്ക്കായി മെസി കളിക്കാനിറങ്ങുന്നതിന്റെ പശ്ചാത്തലത്തിലാണു മാര്‍ട്ടിനോ പിന്തുണയുമായി രംഗത്ത് എത്തിയത്.

കോപ്പാ അമേരിക്ക ഫൈനലില്‍ ചിലിയോടു പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടതോടെ മെസിക്കെതിരേ കടുത്ത വിമര്‍ശനമാണുയര്‍ന്നത്. അര്‍ജന്റീനയിലെ പ്രാദേശിക മാധ്യമങ്ങള്‍ മെസിയെ കടുത്ത ഭാഷയിലാണു വിമര്‍ശിക്കുന്നത്. ഫുട്‌ബോള്‍ ഇതിഹാസം മറഡോണയും മെസിയെ തള്ളിപ്പറഞ്ഞു. മെസി ബാഴ്‌സയ്ക്കായി കളിക്കുന്നത് പോലെ രാജ്യത്തിനായി കളിക്കുന്നില്ലെന്നാണ് ഫുട്‌ബോള്‍ ഇതിഹാസത്തിന്റെ വിമര്‍ശം.

ഈ സാഹചര്യത്തിലാണ് പരിശീലകന്റെ പിന്തുണ മെസിയെത്തേടിയെത്തിയത്. ഇത്രയധികം വിമര്‍ശനം കേട്ടാല്‍ താനായിരുന്നെങ്കില്‍ ദേശീയ ടീമിനു കളിക്കുന്നതു മതിയാക്കുമായിരുന്നു. ബാഴ്‌സയ്ക്ക് മാത്രമായി കളി ചുരുക്കുകയും ചെയ്യുമായിരുന്നുവെന്നും മാര്‍ട്ടിനോ പറഞ്ഞു.

Top