മെസിക്ക് നേരെ കൊളംബിയന്‍ കാണികളുടെ ലേസര്‍ ആക്രമണം

സാന്റിയാഗോ: അര്‍ജന്റീന നായകന്‍ ലയണല്‍ മെസിയെ വീഴ്ത്താന്‍ കൊളംബിയന്‍ കാണികളുടെ ലേസര്‍ ആക്രമണം. കൊളംബിയന്‍ ടീമിന്റെ പരുക്കന്‍ ആക്രമണത്തില്‍ തളര്‍ന്നിരിക്കുമ്പോഴായിരുന്നു മെസിക്കെതിരെ കാണികളുടെ ലേസര്‍ ആക്രമണം.

മികച്ച മുന്നേറ്റം നടത്തിയ അവസരങ്ങളിലെല്ലാം മെസിയുടെ ശ്രദ്ധതിരിക്കാനായി അപകടകരമായ ലേസര്‍ രശ്മികള്‍ കണ്ണുകളിലേക്ക് അടിച്ചു. ഇതിനു മുന്‍പ് ബാര്‍സലോണക്ക് വേണ്ടി കളിക്കുമ്പോഴും ചില കാണികള്‍ മെസിക്കെതിരെ ലേസര്‍ ആക്രമണം നടത്തിയിരുന്നു.

കോപ്പ അമേരിക്കയുടെ ക്വാര്‍ട്ടര്‍ മത്സരത്തില്‍ കൊളംബിയക്കെതിരെ മെസി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. നിരവധി അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ച മെസിക്ക് ഭാഗ്യക്കേട് കൊണ്ടുമാത്രമാണ് ഗോളടിക്കാന്‍ കഴിയാതെ പോയത്.

2013 ല്‍ ഫിഫ പുറത്തിറക്കിയ നിയമപ്രകാരം ലേസര്‍ പോലുള്ള ലൈറ്റുകള്‍ ഗ്രൗണ്ടില്‍ പ്രവേശിപ്പിക്കുന്നത് തടയണമെന്ന നിര്‍ദേശമുണ്ട്. ഇതിനു ശേഷം നിരവധി വേദികളില്‍ ലേസര്‍ പേനകള്‍ പിടിച്ചെടുത്തിരുന്നു.

ഇത്തരം ലേസര്‍ ആക്രമണം സാധാരണയായി യൂറോപ്യന്‍ കാണികളാണ് ഉപയോഗിക്കാറ്. എന്നാല്‍ ലാറ്റിനമേരിക്കന്‍ കാണികള്‍ക്കിടയില്‍ ഇത് പതിവില്ല. യൂറോപ്യന്‍ ലീഗ് ഫുട്‌ബോളിനിടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മരിയോ ബലോട്ടലി, നെയ്മര്‍ എന്നിവര്‍ക്കെതിരെയും ലേസര്‍ ആക്രമണം ഉണ്ടായിട്ടുണ്ട്.

Top