മെറിന്‍ ജോസഫിന് ഐപിഎസ് നല്‍കിയത് എഐസിസി ആസ്ഥാനത്ത് നിന്നാണോ…?

എം.എല്‍.എ അവാര്‍ഡ്ദാന ചടങ്ങില്‍ ഒരു ഐ.പി.എസ് ഉദ്യോഗസ്ഥയ്ക്ക് ചേരാത്ത പ്രവര്‍ത്തി നടത്തി അതിന് ന്യായീകരണം കണ്ടെത്താന്‍ ഫേസ്ബുക്കിനെ കൂട്ടുപിടിച്ച എ.എസ്.പി ട്രെയിനി മെറിന്‍ ജോസഫിന്റെ നടപടി അച്ചടക്കമുള്ള ഒരു പോലീസ് ഓഫീസര്‍ക്ക് ചേര്‍ന്ന നടപടിയല്ല.

ഋഷിരാജ് സിംങ്ങിനെ ‘കീഴ്‌വഴക്കങ്ങള്‍’ ഓര്‍മ്മപ്പെടുത്തുന്ന ഭരണകൂടം കോണ്‍ഗ്രസ്സ് എം.എല്‍.എയുടെ പരിപാടിയില്‍ പങ്കെടുത്തു എന്ന പരിഗണന വച്ച് എ.എസ്.പിയുടെ അച്ചടക്ക ലംഘനം കാണാതെ പോവരുത്.

ഔദ്യോഗികമായി ഒരു പരിപാടിയും ഇല്ലാതിരുന്നിട്ടും പോലീസ് യൂണിഫോമില്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്ത് എം.എല്‍.എയെ ഫോട്ടോഗ്രാഫറാക്കി നടന്‍ നിവിന്‍ പോളിക്കൊപ്പം നിന്ന് ഫേട്ടോക്ക് പോസ് ചെയ്ത മെറിന്റെ നടപടി സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് ആകെ അപമാനകരമാണ്.

ഒരു പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ മാനസികാവസ്ഥയിലേക്ക് ഒരു ഐ.പി.എസ് ഓഫീസര്‍ തരംതാണ കാഴ്ച വാര്‍ത്താ ‘വിഭവ’ മായതിനാല്‍ അത് ചിത്രീകരിച്ച ക്യാമറാമാനേയോ റിപ്പോര്‍ട്ടറേയോ കുറ്റപ്പെടുത്താന്‍ കഴിയില്ല.

എം.എല്‍.എ യെക്കൊണ്ട് ഫേട്ടോ എടുപ്പിച്ച ശേഷം തന്റെ ഫേസ്ബുക്കില്‍ ഫേട്ടോ അപ്പോള്‍ തന്നെ അപ്‌ലോഡ് ചെയ്യുന്ന എ.എസ്.പി മെറിന്‍ ജോസഫിന്റെ ദൃശ്യങ്ങള്‍ സമര്‍ത്ഥരായ റിപ്പോര്‍ട്ടര്‍ സംഘം പകര്‍ത്തിയതാണ് അവരെ പ്രകോപിപ്പിച്ചത്.

‘വെറുതെ ഇരിക്കുമ്പോള്‍ ഫേട്ടോ അപ്‌ലോഡ് ചെയ്യരുത് എന്ന് ഏത് നിയമമാണ് പറയുന്നതെന്ന് ചോദിക്കുന്ന മെറിന്‍, താന്‍ അവിടെ ആര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കിയില്ലെന്നും ആകപ്പാടെ സംഭവിച്ചത് പണി ഒന്നുമില്ലാതെയിരുന്ന ഒരു റിപ്പോര്‍ട്ടറുടെ ശ്രദ്ധ പിടിച്ചുപറ്റിയെതെന്നുമാണ് ‘… കളിയാക്കിയത്. പണി ഒന്നുമില്ലെന്ന് മെറിന്‍ ആക്ഷേപിച്ച ആ റിപ്പോര്‍ട്ടറുടെ ‘പണി’ കൊണ്ടാണ് ഫേസ്ബുക്കില്‍ ഇത്തരമൊരു വിശദീകരണം നല്‍കേണ്ട ഗതികേട് തനിക്ക് വന്നതെന്ന കാര്യം അവര്‍ സൗകര്യപൂര്‍വ്വം മറക്കുകയാണ്.

വാര്‍ത്ത നല്‍കിയ ചാനലിനെയും റിപ്പോര്‍ട്ടറെയും തനിക്ക് പുച്ഛം മാത്രമാണെന്ന് തുറന്നടിക്കുന്ന മെറിന്‍, വെറും ഒരു രണ്ടാംകിട സിനിമാ താരത്തിനൊപ്പം ഫേട്ടോ എടുത്ത് നിര്‍വൃതി കൊള്ളുന്ന തന്റെ ദൃശ്യം കാണുന്ന പൊതുസമൂഹത്തിന് മുന്നില്‍ സ്വയം പുച്ഛിക്കപ്പെടുകയാണ് ചെയ്യുന്നത്.

സമ്മാന വിതരണത്തിനായി സംഘാടകര്‍ വേദി തയ്യാറാക്കുമ്പോഴാണ് ഫേട്ടോ സെഷന്‍ നടന്നതെന്ന് ന്യായീകരിക്കുന്ന എ.എസ്.പി, വെറും അതിഥിയായ താന്‍ പിന്നെ എന്ത് ചെയ്യണമായിരുന്നു..? സ്റ്റേജില്‍ നിന്ന് ചാടിയിറങ്ങണമായിരുന്നോ? കാഴ്ചക്കാരെ സല്യൂട്ട് ചെയ്ത് അനങ്ങാതെ ഇരിക്കണമായിരുന്നോ? അതോ സ്റ്റേജിന് ഒരു മൂലയില്‍ പോയി മിണ്ടാതെ ഇരിക്കണമായിരുന്നോ? എന്നീ ചോദ്യങ്ങള്‍ ചോദിച്ച് തന്റെ തെറ്റ് ന്യായീകരിക്കാനാണ് ശ്രമിക്കുന്നത്.

ഒഫിഷ്യല്‍ ഡ്യൂട്ടിക്ക് പോകുമ്പോള്‍ വെറുതെയിരിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യങ്ങളില്‍ ‘മാഡം’ ഫേട്ടോ ഷൂട്ടാണോ അവിടെ നടത്താറുള്ളത് എന്ന മറുചോദ്യമാണ് ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് ചോദിക്കാനുള്ളത്.

എറണാകുളം റൂറല്‍ പോലീസിന് കീഴില്‍ എ.എസ്.പി ട്രെയിനി മാത്രമായ നിങ്ങള്‍ അധികാരപരിധി വിട്ട് സിറ്റി പോലീസിന്റെ പരിധിയില്‍പെട്ട സെന്റ് തെരേസാസ് കോളേജിലെ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ വന്നത് ‘വ്യക്തി താല്‍പ്പര്യം’ മാത്രം മുന്‍നിര്‍ത്തിയാണെന്ന് ഉറപ്പാണ്.

എം.എല്‍.എയുടെ അവാര്‍ഡ് ദാന ചടങ്ങില്‍ പ്രതിജ്ഞ ചൊല്ലി കൊടുക്കാനല്ലല്ലോ ഹൈദരാബാദ് പൊലീസ് അക്കാദമിയില്‍ നിന്ന് ഐ.പി.എസ് ബിരുദവും നല്‍കി നിങ്ങളെ നാട്ടിലേക്ക് പറഞ്ഞ് വിട്ടത്?

സത്യസന്ധവും രാഷ്ട്രീയ -മത-ജാതി ഭേതമന്യേയും ജില്ലകളിലെ ക്രമസമാധാന ചുമതലകള്‍ നിര്‍വ്വഹിക്കുകയെന്നതാണ് ഓരോ എസ്.പിമാരുടെയും കടമ. ഈ പാതയിലെത്തും മുന്‍പേ അറിഞ്ഞോ അറിയാതെയോ വിവാദ കുരുക്കില്‍ പെടുന്നത് നീണ്ട സര്‍വ്വീസ് കാലയളവ് ബാക്കിയുള്ള ഒരു ഐ.പി.എസ് ഉദ്യോഗസ്ഥക്കും ഭൂഷണമല്ല.

എറണാകുളം സിറ്റിയില്‍ തന്നെ വിവിധ തസ്തികകളിലായി മൂന്ന് ഐ.പി.എസുകാര്‍ ഉള്ളപ്പോള്‍ റൂറലിലെ എ.എസ്.പി ട്രെയിനിയായ മെറിനെ തന്നെ ചടങ്ങിലേക്ക് ക്ഷണിച്ച സംഘാടകരുടെ നടപടിയും വിലയിരുത്തപ്പെടേണ്ടതാണ്.

വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് ദാനങ്ങള്‍ നല്ലതാണെങ്കിലും ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എം.എല്‍.എ മാര്‍ നടത്തുന്ന ഇത്തരം പരിപാടികള്‍ക്ക് പിന്നിലെ രാഷ്ട്രീയ താല്‍പ്പര്യവും വ്യക്തമാണ്.

പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിന് മുന്‍പ് ഈ കാര്യങ്ങള്‍ കൂടി എ.എസ്.പി പരിശോധിക്കണമായിരുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ആസ്ഥാനത്ത് നിന്നല്ലല്ലോ ഐ.പി.എസ് പട്ടം ലഭിച്ചത്?

ആര് എവിടെ വിളിച്ചാലും ഓടിപോകുന്ന താരങ്ങളുടെ നിലവാരമല്ല സമൂഹം ഐ.പി.എസ്. ഓഫീസര്‍മാര്‍ക്ക് കല്‍പ്പിച്ച് കൊടുത്തിട്ടുള്ളത്. സൂപ്പര്‍ സ്റ്റാറുകള്‍ അടക്കമുള്ളവര്‍ ഐപിഎസുകാരുടെ അടുത്ത് ചെന്ന് ഫോട്ടോക്ക് പോസ് ചെയ്തിരുന്ന പഴയ ചരിത്രമാണ് നിവിന്‍ പോളിക്ക് മുന്നില്‍ മെറിന്‍ ജോസഫ് ഇപ്പോള്‍ തകര്‍ത്തത്.

‘പ്രേമം’ നായകനുമൊത്തുള്ള ഫോട്ടോ പ്രൊഫൈല്‍ പിക്ചറായി ഫേസ്ബുക്കില്‍ ഇടുന്നതിന് മുന്‍പ് എ.എസ്.പി മെറിന്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ അനുഭവം ഓര്‍ക്കുന്നത് നല്ലതാണ്. ഇതിഹാസ എന്ന ഒറ്റ സിനിമയിലൂടെ സൂപ്പര്‍ താരമായ ഷൈനിനെ മയക്ക് മരുന്ന് കേസില്‍ പിടികൂടിയതും അപ്രതീക്ഷിതമായിരുന്നു.

പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ കാര്‍ ക്രെയിന്‍ ഉപയോഗിച്ച് പൊക്കിമാറ്റിയ കിരണ്‍ബേദി ഐ.പി.എസ് ആയില്ലെങ്കിലും തട്ടുപൊളിപ്പന്‍ സിനിമകളിലെ രണ്ടാംകിട നടികളുടെ പോലീസ് വേഷത്തിലേക്ക് മെറിന്‍ ജോസഫ് അധഃപതിക്കരുത്.

Team Expresskerala

(വിവാദ ദൃശ്യങ്ങള്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക)
https://www.youtube.com/watch?v=hQIouMKc7KY

Top