മെറിന്‍ ഐപിഎസ് മൂന്നാറിന്റെ മനംതൊട്ടു; പ്രതീക്ഷയോടെ…. പെമ്പിളൈ ഒരുമൈ !

തിരുവനന്തപുരം: വിവാദ ‘നായികയായ’ ഐ.പി.എസ് ഓഫീസര്‍ മെറിന്‍ ജോസഫിന് മൂന്നാറില്‍ ലഭിച്ചത് സര്‍വ്വീസിലെ ആദ്യ നിയമനം.

എ.എസ്.പി ട്രെയിനിംഗ് അവസാനിച്ച സാഹചര്യത്തിലാണ് മെറിന് മൂന്നാറില്‍ സബ് ഡിവിഷന്റെ ചാര്‍ജ് നല്‍കിയത്. തിരുവനന്തപുരത്ത് സിറ്റി കമ്മീഷണറുടെ കീഴില്‍ അറ്റാച്ച് ചെയ്യപ്പെട്ടിരുന്ന മെറിന് ഇവിടെ സ്വതന്ത്ര ചുമതല ഉണ്ടായിരുന്നില്ല.

സമരമുഖത്ത് പൊലീസുകാരനെക്കൊണ്ട് കുടപിടിപ്പിച്ചുവെന്ന വിവാദവുമായി സ്ഥലംമാറ്റത്തിന് ഒരു ബന്ധവുമില്ലെന്ന് പൊലീസ് കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

മൂന്നാറിലെ തോട്ടം മേഖലയില്‍ സ്ത്രീ തൊഴിലാളികള്‍ വീണ്ടും സമരരംഗത്തിറങ്ങാന്‍ ഒരുങ്ങുമെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് മെറിന്റെ പുതിയ നിയമനം. നേരത്തെ ഉണ്ടായിരുന്ന ഡി.വൈ.എസ്.പിയുടെ ഇടപെടല്‍ സ്ത്രീ സമരം അക്രമാസക്തമാകാതിരിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു. ഇന്ന് ചാര്‍ജെടുത്ത മെറിനിലും തോട്ടം തൊഴിലാളികള്‍ വലിയ പ്രതീക്ഷയാണ് വച്ചുപുലര്‍ത്തുന്നത്.

തലസ്ഥാനത്തെ കുടവിവാദം തെറ്റിധാരണ മൂലമായതിനാല്‍ ഇക്കാര്യത്തില്‍ ഒരു വിശദീകരണംപോലും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇവരോട് തേടിയിരുന്നില്ല.

എറണാകുളം എംഎല്‍എയുടെ അവാര്‍ഡ് ദാന ചടങ്ങിലെ മെറിന്റെ പെരുമാറ്റം സംബന്ധിച്ചും പത്രലേഖകനെതിരെ ഫേസ്ബുക്കില്‍ ഇട്ട കമന്റിനെ സംബന്ധിച്ചുമാണ് അധികൃതര്‍ വിശദീകരണം ചോദിച്ചിട്ടുള്ളത്.

ഇതുസംബന്ധമായി ലഭിച്ച പരാതിയില്‍ ആഭ്യന്തര സെക്രട്ടറി നളിനി നേറ്റോ ഡി.ജി.പിയോട് നേരത്തെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.

ഇടുക്കി എസ്.പിയുടെ കീഴിലാണ് പുതിയ നിയമനം. മൂന്നാര്‍ ഡി.വൈ.എസ്.പി പ്രഫുല ചന്ദ്രന് പകരം എറണാകുളം റൂറലില്‍ നിയമനം നല്‍കിയിട്ടുണ്ട്.

Top