മെയ്‌വെതറില്‍ നിന്നും ലോക ബോക്‌സിങ് ചാംപ്യന്‍ പട്ടം തിരിച്ചെടുത്തു

വാഷിങ്ടണ്‍: ഫ്‌ലോയ്ഡ് മെയ്‌വെതറില്‍ നിന്നും ലോക ചാംപ്യന്‍ പട്ടം തിരിച്ചെടുത്തു. ബോക്‌സിങ്ങിലെ നൂറ്റാണ്ടിന്റെ മല്‍സരം എന്നു വിശേഷിച്ച മല്‍സരത്തില്‍ ഫിലിപ്പീന്‍സ് താരം മാനി പക്വിയാവോയ പരാജയപ്പെടുത്തി മെയ്‌വെതര്‍ നേടിയ ചാംപ്യന്‍ പട്ടമാണ് ലോക ബോക്‌സിങ് സംഘടന തിരിച്ചെടുത്തത്. മെയ്‌വെതര്‍ ബോക്‌സിങ് നിയമം പാലിച്ചില്ല എന്നാരോപിച്ചാണ് സംഘടനയുടെ നടപടി.

മല്‍സരത്തില്‍ നിന്നുള്ള പാരിതോഷികത്തിന്റെ 200,000 ഡോളര്‍ അടയ്‌ക്കേണ്ട അവധി കഴിഞ്ഞതായും മാത്രമല്ല ജൂനിയര്‍ മിഡില്‍വെയ്റ്റ് എന്ന പദവി മെയ്‌വെതര്‍ ഉപേക്ഷിച്ചില്ലെന്നുമാണ് സംഘടന പറയുന്നത്.

ഒരേസമയം രണ്ടു ലോകപദവികള്‍ കൈയ്യിലുള്ളത് ബോക്‌സര്‍മാര്‍ക്കുള്ള നിയമത്തിന് എതിരാണ്. ലോക കിരീടത്തിനായുള്ള പോരാട്ടത്തില്‍ നിന്നും ലഭിക്കുന്ന പാരിതോഷികത്തിന്റെ മൂന്നു ശതമാനം ബോക്‌സിങ് സംഘടനയ്ക്ക് നല്‍കണമെന്നും നിയമമുണ്ട്. മെയ്‌വെതര്‍ ഇതു രണ്ടും തെറ്റിച്ചതായി സംഘടന വ്യക്തമാക്കി.

മെയ്‌വെതറിന് അപ്പീല്‍ സമര്‍പ്പിക്കാന്‍ രണ്ടാഴ്ച സമയം അനുവദിച്ചിട്ടുണ്ട്. പാരിതോഷിക തുക അടയ്ക്കാനും ഒരു പദവി തിരിച്ചു നല്‍കാനും മെയ്‌വെതര്‍ തയാറായാല്‍ ലോക ചാംപ്യന്‍ പട്ടം തിരികെ നല്‍കുമെന്നും സംഘടന അറിയിച്ചിട്ടുണ്ട്.

ബോക്‌സിങ് ചരിത്രത്തിലെ ഇതിഹാസ പോരാട്ടമായ മല്‍സരത്തില്‍ നിന്നും 200 മില്യന്‍ ഡോളറാണ് സമ്മാനത്തുകയായി മെയ്‌വെതര്‍ നേടിയത്.

Top