മെയ്ക്ക് ഇന്‍ ഇന്ത്യ: പ്രതിരോധമേഖലയില്‍ നിക്ഷേപം നടത്തുന്നതിന് 19 കമ്പനികള്‍ക്ക് അനുമതി

ന്യൂഡല്‍ഹി: മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പ്രതിരോധമേഖലയിലെ വിദേശനിക്ഷേപ പരിധി ഉയര്‍ത്തുന്നതിനുമായി 19 കമ്പനികള്‍ക്ക് പ്രതിരോധമേഖലയില്‍ നിക്ഷേപം നടത്താന്‍ വ്യവസായ മന്ത്രാലയം അനുമതി നല്‍കി. പ്രതിരോധമേഖലയിലെ വിദേശനിക്ഷേപ പരിധി ഉയര്‍ത്തിയതിന്റെ ഭാഗമായാണ് കമ്പനികള്‍ക്ക് സാധനസാമഗ്രികള്‍ നിര്‍മ്മിക്കാന്‍ വ്യാവസായിക വകുപ്പ് അനുമതി നല്‍കിയത്.

മെയ്ക്ക് ഇന്‍ ഇന്ത്യ നയം നടപ്പിലാക്കുന്നതിന്റെ ആദ്യപടി എന്ന നിലയ്ക്കാണ് വ്യവസായ മന്ത്രാലയത്തിന്റെ ഈ തീരുമാനം. റിലയന്‍സ്, റ്റാറ്റാ, മഹിന്ദ്ര, ഭാരത് ഫോര്‍ജ്, പുഞ്ച് ലോയ്ഡ് അടക്കമുള്ള 19 കമ്പനികള്‍ക്കാണ് അനുമതി. കൂടാതെ ലൈസന്‍സ് ആവശ്യമില്ലാത്ത പ്രതിരോധ സാധനസാമഗ്രികള്‍ നിര്‍മ്മിക്കാന്‍ ഇന്‍ഡസ്ട്രിയല്‍ എന്‍ട്രപ്രണര്‍ മെമ്മോറാണ്ടം സമര്‍പ്പിച്ചാല്‍ മതിയാകുമെന്നും വ്യവസായ മന്ത്രാലയം അറിയിച്ചു. അപേക്ഷ നല്‍കിയ 14 കമ്പനികള്‍ക്ക് ഇതനുസരിച്ച് ലൈസന്‍സില്‍ ഇളവ് നല്‍കും.

എന്നാല്‍ നേരത്തെ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള 33 കമ്പനികളുടെ അനുമതിയും ഉടനുണ്ടാകുമെന്ന് മന്ത്രാലയം അറിയിച്ചു. കൂടാതെ ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്റ് പ്രമോഷന്‍ വകുപ്പിന്റെ പ്രത്യേക അനുമതിയില്ലാതെ തന്നെ ആഭ്യന്തര മന്ത്രാലയത്തിന്റെയോ സംസ്ഥാന സര്‍ക്കാരിന്റേയോ കീഴിലുള്ള സ്ഥാപനങ്ങള്‍ക്കും പ്രതിരോധ സാമഗ്രികള്‍ നിര്‍മ്മിക്കാന്‍ ലൈസന്‍സ് ഉള്ള കമ്പനികള്‍ക്കും ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിന് അനുമതി നല്‍കുന്നതിനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം ഉടന്‍ ഉണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചു.

Top