മൂന്നു ദിവസം കൂടുമ്പോള്‍ ഒരു സിആര്‍പിഎഫ് ജവാന്‍ ആത്മഹത്യ ചെയ്യുന്നെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്ത് മൂന്നു ദിവസം കൂടുമ്പോള്‍ ഒരു സിആര്‍പിഎഫ് ജവാന്‍ വീതം ആത്മഹത്യ ചെയ്യുന്നതായി റിപ്പോര്‍ട്ട്. അമിതമായ മാനസിക സമ്മര്‍ദ്ദവും ജോലിയിലുള്ള മോശം അവസ്ഥയുമാണ് ഇതിന് കാരണമായിപ്പറയുന്നത്.

ഹാര്‍ട്ട് അറ്റാക്ക്, മലേറിയ, എച്ച്‌ഐവി തുടങ്ങിയ രോഗങ്ങള്‍ ജവാന്‍മാര്‍ക്കിടയില്‍ കൂടിവരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 1,131 ജവാന്‍മാര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. അതേസമയം, മാവോയിസ്റ്റ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 323 ജവാന്‍മാരാണ്.

മൂന്നു ലക്ഷത്തിലധികം അംഗങ്ങളുള്ള സിആര്‍പിഎഫില്‍ അധികം പേരും കഠിനമായ മാനസിക സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴ്‌പ്പെട്ടാണ് ജീവിക്കുന്നത്. മാവോയിസ്റ്റുകളുമായുള്ള ആക്രമണവും തീവ്രവാദികളോടുള്ള പോരാട്ടവും അടുത്തിടെയായി വര്‍ദ്ധിച്ച് വരുന്നത് സിആര്‍പിഎഫ്കാരുടെ ജോലി ഇരട്ടിയാക്കിയിട്ടുണ്ട്.

സിആര്‍പിഎഫ് അംഗങ്ങളുടെ എണ്ണം കുറഞ്ഞു വരുന്നതും തിരിച്ചടിയായിട്ടുണ്ട്. 2014 ല്‍ മാത്രം 6,000 ജവാന്‍മാര്‍ ജോലി വിട്ടു പോയി. 2013ല്‍ 4,186 പേരാണ് ജോലി ഉപേക്ഷിച്ച് പോയത്.

ചില സ്ഥലങ്ങളില്‍ ജവാന്‍മാര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും മതിയായ സൗകര്യങ്ങളില്ല. മോശം അവസ്ഥയാണ് ജവാന്‍മാരെ ജോലി ഉപേക്ഷിച്ച് പോകാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് അടുത്തിടെ നടത്തിയ പഠനം വ്യക്തമാക്കുന്നത്.

Top