സമരം ശക്തമാക്കി സംയുക്ത ട്രേഡ് യൂണിയനും പൊമ്പിളൈ ഒരുമൈയും; മൂന്നാര്‍ റോഡ് ഉപരോധിച്ചു

തിരുവനന്തപുരം: ദിവസക്കൂലി വര്‍ധന ആവശ്യപ്പെട്ട് മൂന്നാറില്‍ സമരം ശക്തമാക്കി പൊമ്പളൈ ഒരുമൈയും ഐക്യ ട്രേഡ് യൂണിയനും. പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി(പി.എല്‍.സി.)യോഗം പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് സമരം ശക്തമാക്കുന്നത്. ചൊവ്വാഴ്ച വീണ്ടും ചര്‍ച്ച നടത്തും. സര്‍ക്കാര്‍ വഞ്ചിച്ചെന്നും മരണം വരെ സമരം തുടരുമെന്നും തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്നും പൊമ്പളൈ ഒരുമൈ നേതാക്കള്‍ അറിയിച്ചു.

കടകള്‍ അടച്ച് സമരത്തിന് പിന്തുണ നല്‍കണമെന്ന് പൊമ്പളൈ ഒരുമൈ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റോഡ് ഉപരോധം പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് മൂന്നാറിലേക്കുള്ള ബസുകളും മറ്റ് സ്വകാര്യ വാഹനങ്ങളും ഓടുന്നില്ല.

ഭാവിപരിപാടികള്‍ തീരുമാനിക്കാന്‍ അടിയന്തര യോഗം ചേരുമെന്ന് ഐക്യ ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു.

സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച ചെയ്ത ശേഷം സമരം സെക്രട്ടേറിയറ്റ് പടിക്കലേക്കു മാറ്റാനും ആലോചനയുണ്ടെന്നു നേതാക്കളായ എ.കെ. മണി, കെ.വി. ശശി, എം.വൈ. ഔസേഫ് എന്നിവര്‍ പറഞ്ഞു. ഐക്യ ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ കൊച്ചി-മധുര ദേശീയ പാത ഉള്‍പ്പെടെ മൂന്നാറിലേക്കുള്ള മുഴുവന്‍ റോഡുകളും വൈകിട്ട് ആറുവരെ ഉപരോധിക്കും. ജില്ലയിലെ 15 കേന്ദ്രങ്ങളിലും റോഡ് ഉപരോധം നടക്കും.

Top