മൂന്നാര്‍ സമരം: മുഖ്യമന്ത്രിയുടെ പാക്കേജ് അംഗീകരിക്കുമെന്ന് പെമ്പിളൈ ഒരുമൈ

തിരുവനന്തപുരം: തോട്ടം തൊഴിലാളി വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയില്‍ പൂര്‍ണ്ണ തൃപ്തിയുണ്ടെന്ന് പെമ്പിളൈ ഒരുമൈ. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായി അദ്ദേഹത്തിന്റെ വസതിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ഇവരുടെ പ്രതികരണം.

അദ്ദേഹം മുന്നോട്ടുവച്ച പാക്കേജ് അംഗീകരിക്കും. ദിവസക്കൂലി സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായില്ലെങ്കില്‍ ഇടപെടാമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയെന്നും പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ പറഞ്ഞു. സംസ്ഥാനത്തെ തോട്ടം തൊഴിലാളി സമരത്തില്‍ ഇന്ന് സെക്രട്ടേറിയറ്റില്‍ നിര്‍ണയകചര്‍ച്ച നടക്കാനിരിക്കെയാണ് സ്ത്രീ തൊഴിലാളികള്‍ മുഖ്യമന്ത്രിയെ കണ്ടത്.

ഗോമതി അഗസ്റ്റിന്‍, ലിസി സണ്ണി, ജയലക്ഷ്മി, രാജേശ്വരി സമരത്തിന്റെ ആദ്യനാള്‍ മുതല്‍ ഇവരോടൊപ്പം ഉണ്ടായിരുന്ന മനോജ്, അന്തോണിരാജ് എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്. തൊഴില്‍ മന്ത്രി ഷിബു ബേബി ജോണുമായും ഇവര്‍ കൂടിക്കാഴ്ച നടത്തി. തൊഴില്‍ മന്ത്രിയുടെ അഭ്യര്‍ഥന പ്രകാരമാണ് ഇവര്‍ തിരുവനന്തപുരത്തെത്തിയത്.

ഒന്‍പതുനാള്‍ നീണ്ട മൂന്നാര്‍ സമരത്തിനുശേഷമുള്ള മൂന്നാമത്തെ പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗമാണ് മന്ത്രി ഷിബു ബേബി ജോണിന്റെ അധ്യക്ഷതയില്‍ ചേരുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചര്‍ച്ചയില്‍ പ്രശ്‌നപരിഹാരം ഉണ്ടാക്കാനുള്ള തീവ്രശ്രമത്തിലാണ് സര്‍ക്കാര്‍. ഏറ്റവും ശക്തമായ സമരം നടക്കുന്ന മൂന്നാറില്‍ ട്രേഡ് യൂണിയന്‍ നേതാക്കളും സ്ത്രീകൂട്ടായ്മ പ്രതിനിധികളും ദിവസങ്ങളായി രാപ്പകല്‍ നിരാഹാരത്തിലാണ്. തോട്ടം ഉടമകളും ട്രേഡ് യൂണിന്‍ ഭാരവാഹികളും അഞ്ചു സ്ത്രീകൂട്ടായ്മ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും. അഞ്ഞൂറുരൂപ കുറഞ്ഞ കൂലിയെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് തോട്ടം ഉടമകള്‍.

Top