മൂന്നാര്‍ സമരം പരിഹരിച്ചില്ലെങ്കില്‍ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം/മൂന്നാര്‍: മൂന്നാറില്‍ തോട്ടം തൊഴിലാളികള്‍ നടത്തുന്ന സമരം പരിഹരിച്ചില്ലെങ്കില്‍ ഗുരുതരമായ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര വകുപ്പ്. സമരത്തിനു പിന്നില്‍ തമിഴ് സംഘടനകളാണെന്ന പ്രചാരണം തെറ്റാണെന്ന് ഇത് സംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

മൂന്നാര്‍ സമരം ചര്‍ച്ച ചെയ്യാന്‍ ആഭ്യന്തര വകുപ്പ് ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് ഉടന്‍ പ്രശ്‌നപരിഹാരമുണ്ടാക്കണമെന്നും, അല്ലെങ്കില്‍ ഇടുക്കി ജില്ലയില്‍ ഗുരുതര ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്നും വിലയിരുത്തലുണ്ടായത്.

സമരം മറ്റേതെങ്കിലും സംഘടനകള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്. തമിഴ് സംഘടനകള്‍ പടച്ചുവിട്ട സമരമാണ് ഇതെന്നു പറയാനാകില്ല. സ്ഥിതി അതിഗുരുതരമായതിനാല്‍ എത്രയും വേഗം പ്രശ്‌നത്തിനു പരിഹാരം കാണണമെന്നും ഡിജിപിയും ഇന്റലിജന്‍സ് എഡിജിപിയും തൊഴില്‍ മന്ത്രിയെ നേരില്‍ക്കണ്ട് അറിയിച്ചു.

കഴിഞ്ഞ കുറേ നാളുകളായി തൊഴിലാളികള്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങളാണ് സമരത്തിലേക്ക് നയിച്ചതെന്നാണു പൊലീസിന്റെ വിലയിരുത്തല്‍. ഇക്കാര്യത്തില്‍ സമ്മര്‍ദഗ്രൂപ്പ് ഇല്ല. തൊഴിലാളികളുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ ട്രേഡ് യൂണിയനുകള്‍ പരാജയപ്പെട്ടു. ആവശ്യങ്ങള്‍ പരിഗണിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്കു വീഴ്ച പറ്റി ആഭ്യന്തര വകുപ്പ് വിലയിരുത്തുന്നു.

സമരം ഇന്ന് ഏഴാം ദിനമാണ്.

Top