മൂന്നാര്‍ സമരം;തൊഴിലാളികള്‍ സംഘടന വിട്ട് സംഘടിക്കുന്നതില്‍ നേതാക്കള്‍ ആശങ്കയില്‍

മൂന്നാര്‍: എംഎല്‍എയെയും തൊഴിലാളി നേതാക്കളേയും ഓടിച്ച് വിട്ട് സംഘടനകളുടെ കൊടികള്‍ക്കു മീതെ സംഘടിച്ച മൂന്നാര്‍ തൊഴിലാളികള്‍ ഉയര്‍ത്തുന്ന ഭീഷണി ചെറുക്കാന്‍ സിപിഎം രംഗത്ത്.

കഴിഞ്ഞ ദിവസം മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ ഓടിച്ച എസ് രാജേന്ദ്രന്‍ എംഎല്‍എ തന്നെ തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ്.

ഇന്ന് സമരകേന്ദ്രത്തിലെത്തിയ സിപിഎം നേതാവും എംപിയുമായ പി കെ ശ്രീമതി, ശൈലജ ടീച്ചര്‍ എന്നിവരെ ഇരുന്നിടത്തു നിന്ന് സമരക്കാര്‍ എണീപ്പിച്ച് വിട്ടതും സിപിഎമ്മിന് നാണക്കേടായിട്ടുണ്ട്. ഈ ക്ഷീണം മറികടക്കാനാണ് കോടിയേരി തന്നെ സ്ഥലത്തെത്തി തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും പത്ത് സെന്റ് ഭൂമി നല്‍കണമെന്നും ആവശ്യപ്പെട്ടത്.

തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യത്തിനായ് പ്രവര്‍ത്തിക്കുന്ന ചെങ്കൊടിക്ക് കീഴില്‍ അണിനിരന്ന തൊഴിലാളികള്‍ തൊഴിലാളി നേതാവ് കൂടിയായ എംഎല്‍എ അടക്കമുള്ളവര്‍ക്കെതിരെ ശക്തമായി രംഗത്ത് വന്നത് സിപിഎമ്മിന് മാത്രമല്ല തൊഴിലാളി വിഭാഗമായ സിഐടിയുവിനും കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിട്ടുള്ളത്.

വിവധ മേഖലകളില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് തൊഴിലാളികള്‍ അണിനിരന്ന സംസ്ഥാനത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയാണ് സിഐടിയു. ഇടുക്കിയില്‍ തോട്ടം മേഖലയില്‍ കാര്യമായ സ്വാധീനം സിപിഐ തൊഴിലാളി സംഘടനയായ എഐടിയുസിക്കുമുണ്ട്.

അടിസ്ഥാന വര്‍ഗ്ഗത്തിന്റേയും തൊഴിലാളികളുടേയും താല്‍പര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെക്കുറിച്ചും അവരുടെ തൊഴിലാളി സംഘടനകളെക്കുറിച്ചും തെറ്റായ സന്ദേശം നല്‍കാന്‍ മൂന്നാര്‍ കാരണമായതിനാല്‍ നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചുപിടിക്കാനാണ് സിപിഎമ്മിന്റെ ശ്രമം.

പതിനായിരക്കണക്കിന് തൊഴിലാളികള്‍ ജോലി ചെയ്യുന്ന തോട്ടം മേഖലയിലെ തൊഴിലാളികളുടെ സമരരീതിയെ അനുകരിച്ച് മറ്റ് മേഖലയിലെ തൊഴിലാളികളും സംഘടനാ വിഭിന്നമായി സംഘടിച്ചാല്‍ തൊഴിലാളി സംഘടനകളുടെ നിലനില്‍പ്പ് മാത്രമല്ല മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കോണ്‍ഗ്രസ്സിന്റെ തൊഴിലാളി വിഭാഗമായ ഐഎന്‍ടിയുസി നേതൃത്വത്തിനിടയിലും ഈ ആശങ്ക പ്രകടമാണ്.

ബോണസ് വിഷയത്തില്‍ മൂന്നാര്‍ തോട്ടം തൊഴിലാളികള്‍ നടത്തിവന്ന സമരം തൊഴിലാളികളുടെ ആവശ്യങ്ങള്‍ മാനേജ്‌മെന്റിനെ കൊണ്ട് അംഗീകരിപ്പിച്ച് അവസാനിപ്പിച്ചാല്‍ സമാനമായ രീതിയില്‍ മറ്റ് മേഖലയിലെ തൊഴിലാളികളും രംഗത്ത് വരുമെന്ന ഭീതി സര്‍ക്കാരിനും രാഷ്ട്രീയതൊഴിലാളി നേതാക്കള്‍ക്കുമുണ്ട്.

തോട്ടം തൊഴിലാളി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ മൂന്നാറിലെത്തുന്നതിന് മുമ്പ് തന്നെ സിപിഎം എംഎല്‍എ എസ് രാജേന്ദ്രന്‍ നിരാഹാരമാരംഭിച്ചതും സിപിഎം തന്ത്രത്തിന്റെ ഭാഗാമായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

സിപിഎം സമരപ്പന്തലില്‍ എത്താതെ സ്ത്രീ തൊഴിലാളികള്‍ നടത്തുന്ന സമരമുഖത്തേക്ക് വിഎസിന് പോകാന്‍ പറ്റില്ലെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്.

സിപിഎം സമരപ്പന്തലില്‍ എത്താതെ സ്ത്രി തൊഴിലാളി സമരമുഖത്തേക്ക് വിഎസ് പോയാല്‍ അതും വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തും. അതിനാല്‍ നിരാഹാര പന്തലില്‍ വിഎസിനെ ആദ്യമെത്തിക്കാനാണ് നീക്കം.

അതേസമയം തൊഴിലാളി സമരം അവസാനിപ്പിക്കുന്നതിനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ തോട്ടം ഉടമകളുമായി നിരന്തരമായ ചര്‍ച്ചകള്‍ അണിയറയില്‍ നടക്കുന്നുണ്ട്.

മുഖം രക്ഷിക്കാന്‍ കടുത്ത നടപടി എടുക്കേണ്ടി വരുമെന്ന മുന്നറിയിപ്പാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

വിഎസ് അച്യുതാനന്ദന്‍ സമരമുഖത്തേക്ക് എത്തുന്നതോടെ കാര്യങ്ങളെല്ലാം പൂര്‍ണ്ണമായി കൈവിട്ട് പോകുമെന്നതിനാല്‍ അതിന് മുന്‍പുള്ള സമവായ ചര്‍ച്ചകളാണ് ഇപ്പോള്‍ തിരക്കിട്ട് നടക്കുന്നത്.

സംഘടിത തൊഴിലാളി സംഘടനകളുടെ ‘കെട്ടുപാടുകള്‍’പൊട്ടിച്ച് സ്വയം സമരമുഖത്തേക്ക് ഇരച്ചുകയറിയ മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ ചരിത്രത്തിലെ മറ്റൊരു മുന്നേറ്റത്തിനാണ് ഇപ്പോള്‍ തുടക്കമിട്ടിരിക്കുന്നത്.

ജന്മിത്വത്തിനും മുതലാളിത്വത്തിനുമെതിരെ കമ്മ്യൂണിസ്റ്റ് കൊടിക്കീഴില്‍ അണിനിരന്ന തൊഴിലാളികളുടെ കണ്ണുകളിലെ രൂക്ഷതയും ചങ്കുറപ്പുമാണ് മൂന്നാറിലെ തോട്ടം തൊഴിലാളികളില്‍ ഇപ്പോള്‍ ദൃശ്യമാകുന്നത്.

Top