മുസ്ലീങ്ങളല്ലാത്തവരുടെ തലയറുക്കാന്‍ മടങ്ങി വരുമെന്ന് ഭീഷണിയുമായി ജിഹാദി ജോണ്‍

ലണ്ടന്‍: ബ്രിട്ടനിലുള്ള മുസ്ലീങ്ങളല്ലാത്തവരുടെ തല വെട്ടാന്‍ താന്‍ മടങ്ങി വരുമെന്ന് സിറിയയിലേയും ഇറാക്കിലേയും ഭീകര സംഘടനയായ ഐഎസിന്റെ ‘തലയറുപ്പ് വീരന്‍’ ജിഹാദി ജോണിന്റെ ഭീഷണി.

ബ്രിട്ടന്‍ സ്വദേശിയായ താന്‍ സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തുമെന്നുമെന്നും മുസ്ലിങ്ങള്‍ അല്ലാത്തവരെ കൂട്ടകൊല ചെയ്യും എന്നാണ് വീഡിയോയിലൂടെ ജോണിന്റെ ഭീഷണി. ഒരു മിനിട്ടും 17 സെക്കന്‍ഡുമുള്ള വീഡിയോയില്‍ കണ്ണുകള്‍ മാത്രം പുറത്ത് കാണാവുന്ന തരത്തിലുള്ള കറുത്ത വസ്ത്രം ധരിച്ചാണ് ജിഹാദി ജോണ്‍ പ്രത്യക്ഷപ്പെടുന്നത്. കൈയില്‍ കത്തിയുമുണ്ട്.

സിറിയയിലെ ഐസിസ് അനുകൂല ചാനലാണ് ആദ്യം വീഡിയോ പുറത്ത് വിട്ടത്. പിന്നീട് ബ്രിട്ടനിലെ പത്രമായ ഡെയ്‌ലി മെയ്‌ലും വീഡിയോ പ്രസിദ്ധീകരിച്ചു. തെക്ക്കിഴക്കന്‍ സിറിയയില്‍ രണ്ടു മാസം മുന്പാണ് വീഡിയോ ചിത്രീകരിച്ചതെന്ന് ദ ഇന്‍ഡിപെന്‍ഡന്റ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

ലണ്ടന്‍ സ്വദേശിയായ മൊഹമ്മദ് എംവാസിയാണ് ജിഹാദി ജോണെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ നേരത്തെ പലതവണ റിപ്പോര്‍ട്ട് ചെയ്തിരുന്നു. താന്‍ മൊഹമ്മദ് എംവാസിയാണെന്ന് ജോണ്‍ വീഡിയോയില്‍ സ്വയം പരിചയപ്പെടുത്തുന്നുണ്ട്. അന്തര്‍ദേശീയ മാദ്ധ്യമങ്ങളുടെ കണ്ടെത്തല്‍ ശരിവയ്ക്കുന്നതാണ് ജോണിന്റെ ഈ ഏറ്റുപറച്ചിലും.

ജിഹാദി ജോണ്‍ ബ്രിട്ടീഷുകാരനാണ് എന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് അമേരിക്കയിലെ പത്രമായ വാഷിംഗ്ടണ്‍ പോസ്റ്റാണ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആയിരുന്നു ഇത്. പടിഞ്ഞാറാന്‍ ലണ്ടനില്‍ വളര്‍ന്ന ഇയാള്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗില്‍ ബിരുദം നേടിയിട്ടുണ്ട്. മൂന്ന് അമേരിക്കക്കാരെയും രണ്ട് ബ്രിട്ടീഷുകാരെയും കഴുത്തറുത്തു കൊല്ലുന്ന വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ഇയാളെ ജിഹാദി ജോണ്‍ എന്ന് മാദ്ധ്യമങ്ങള്‍ വിശേഷിപ്പിച്ച് തുടങ്ങിയത്.

ബ്രിട്ടീഷുകാരായ ഡേവിഡ് ഹെയ്ന്‍സ്, അലന്‍ ഹെനിംഗ് എന്നിവരടക്കം ഏഴു പേരെ തലയറുത്തു കൊന്നത് ജിഹാദി ജോണാണെന്നാണ് കരുതുന്നത്. അമേരിക്കന്‍ മാദ്ധ്യമ പ്രവര്‍ത്തകന്‍ ജെയിംസ് ഫോളിയെ കൊലപ്പെടുത്തുന്ന വീഡിയോയിലാണ് ജിഹാദി ജോണ്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് 17 സിറിയന്‍ പട്ടാളക്കാരുടെ തലയറുത്ത വീഡിയോയിലും ജോണിനെ കാണാനായി.

Top