മുസ്ലീം ലീഗ് പ്രീണനത്തിനായി, മത്സരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും

മലപ്പുറം: മുസ്ലീം ലീഗ് പ്രീണനത്തില്‍ മത്സരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്ത്ര മന്ത്രി രമേശ് ചെന്നിത്തലയും.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയിലടക്കം ചില മേഖലകളില്‍ ലീഗുമായി സൗഹൃദമത്സരം നടത്തുന്ന കോണ്‍ഗ്രസ്സ് ഗ്രൂപ്പ് നേതാക്കളോട് ലീഗ് നേതൃത്വത്തെ പ്രകോപിപ്പിക്കുന്ന നിലപാട് സ്വീകരിക്കരുതെന്നാണ് എ-ഐ ഗ്രൂപ്പ് നേതൃത്വങ്ങള്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നായകനാവാന്‍ ലീഗിന്റെ പിന്‍തുണ ലക്ഷ്യമിട്ടാണ് ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും തന്ത്രപരമായ ഈ നീക്കം.

മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളെയും പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയെയും പ്രീണിപ്പിക്കുന്നതിന് ഇരുവിഭാഗവും പ്രത്യേക ശ്രദ്ധ തന്നെ കൊടുക്കുന്നുണ്ട്.

വ്യവസായ മന്ത്രിയായ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഓഫീസില്‍ നിന്നുവരുന്ന ശുപാര്‍ശകള്‍ക്ക് ആഭ്യന്തര വകുപ്പും മുഖ്യമന്ത്രിയുടെ ഓഫീസും മത്സരിച്ചാണ് കാര്യങ്ങള്‍ ചെയ്തുകൊടുക്കുന്നത്.

സ്വന്തം ഗ്രൂപ്പ് നേതൃത്വങ്ങള്‍ നല്‍കുന്ന ശുപാര്‍ശകള്‍ പോലും പോലീസ് നിയമനത്തില്‍ മുഖവിലയ്‌ക്കെടുക്കാത്ത ചെന്നിത്തല ലീഗ് ശുപാര്‍ശയെ അനുഭാവപൂര്‍വ്വമാണ് പരിഗണിക്കുന്നത്.

ഇടക്കാലത്ത് ലീഗുമായി അകല്‍ച്ചയിലായിരുന്ന രമേശ് ചെന്നിത്തല ഇപ്പോള്‍ ലീഗ് നേതൃത്വത്തിന് സ്വീകാര്യനായി മാറിയിട്ടുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ ആഗ്രഹിക്കുന്ന അദ്ദേഹത്തിന് ലീഗിന്റെ പിന്തുണ നേതൃസ്ഥാനത്തേക്ക് അനിവാര്യമാണ്.

ബാര്‍ കോഴ കേസില്‍ മാണിയെ വിജിലന്‍സ് കേസില്‍ കുരുക്കിയതും ‘നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ’ എന്ന് വകുപ്പു മന്ത്രിയായ ചെന്നിത്തല പ്രതികരിച്ചതും കെ.എം മാണിയെയും കേരള കോണ്‍ഗ്രസ്സിനെയും പ്രകോപിപ്പിച്ചിരുന്നു.

വിവാദ നായകനായ പി.സി ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് മാറ്റാന്‍ കേരള കോണ്‍ഗ്രസ്സ് തീരുമാനിച്ചപ്പോഴും പി.സി ജോര്‍ജ്ജിന് അനുകൂലമായ നിലപാട് ചെന്നിത്തല സ്വീകരിച്ചുവെന്ന വികാരവും കേരള കോണ്‍ഗ്രസ്സിനുണ്ട്.

അതുകൊണ്ട് തന്നെ ചെന്നിത്തലയേക്കാള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.എം മാണി ആഗ്രഹിക്കുന്നത് ഉമ്മന്‍ചാണ്ടിയേയോ വി.എം സുധീരനേയോ ആണ്.

ഇതുതന്നെയാണിപ്പോള്‍ ഐ ഗ്രൂപ്പിന്റെ ഉറക്കം കെടുത്തുന്നത്. കേരള കോണ്‍ഗ്രസ്സിന്റെ പിന്തുണ ലഭിച്ചില്ലെങ്കിലും ലീഗ് പിന്തുണ ലഭിച്ചാല്‍ അത് ഹൈക്കമാന്‍ഡ് പരിഗണനയില്‍ ‘മെറിറ്റായി’ തീരുമെന്ന പ്രതീക്ഷയിലാണ് ചെന്നിത്തല വിഭാഗം.

സാധാരണ അഞ്ചുവര്‍ഷത്തിലൊരിക്കല്‍ ഭരണം മാറുന്ന കേരളത്തിന്റെ ചരിത്രം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പോടെ മാറിമറിയുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്സ് ഗ്രൂപ്പുകളുടെ കരുനീക്കം.

മുഖ്യമന്ത്രിയുടെ ജനപ്രീതിയാണ് ഭരണ തുടര്‍ച്ചയുണ്ടാവുകയാണെങ്കില്‍ അതിനു കാരണമെന്ന് സ്ഥാപിക്കാനാണ് എ ഗ്രൂപ്പിന്റെ താല്‍പര്യം.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വീണ്ടും ഉമ്മന്‍ചാണ്ടിയുടെ പേരല്ലാതെ മറ്റാരും ഗ്രൂപ്പിന്റെ പരിഗണനയില്‍ പോലും ഇല്ല.

മുസ്ലീംലീഗും കേരള കോണ്‍ഗ്രസ്സും ഉള്‍പ്പെടെയുള്ള മുഴുവന്‍ ഘടകകക്ഷികളും ഉമ്മന്‍ചാണ്ടിയെ ഒറ്റക്കെട്ടായി പിന്തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് എ വിഭാഗം.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഘടകകക്ഷി നേതൃത്വങ്ങളെ പരസ്യമായി വെറുപ്പിക്കാതെ നിലപാടെടുക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രിയും ചെന്നിത്തലയും അസാമാന്യ വൈദഗ്ധ്യമാണ് കാണിച്ചത്.

അണികളുടെ വികാരത്തിനനുകൂലിച്ച് പ്രതികരിക്കാതെ ഘടകകക്ഷികളുടെ ആവശ്യങ്ങളെ അനുഭാവപൂര്‍ണ്ണമാണ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പരിഗണിച്ചതെന്ന വികാരം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലും ശക്തമാണ്.

കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ ഘടകകക്ഷികള്‍ക്കിടയിലുണ്ടാക്കിയ സ്വീകാര്യതയും പാര്‍ട്ടി അണികള്‍ക്കും ഹൈക്കമാന്റിനും അദ്ദേഹത്തോടുള്ള താല്‍പര്യവും തങ്ങളുടെ സാധ്യതയ്ക്ക് വിലങ്ങുതടിയാവുമോ എന്ന ഭീതിയാണ് മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും ഘടകകക്ഷി പ്രീണനത്തിന് പിന്നിലെന്നാണ് കോണ്‍ഗ്രസ്സുകാര്‍ക്കിടയിലെ സംസാരം.

അതേസമയം കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ‘മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടു പോവുമോ’ എന്ന ആശങ്കയും കോണ്‍ഗ്രസ്സിലെ ഇരു വിഭാഗത്തിനുമുണ്ട്. എ.കെ ആന്റണിയുടെ സാന്നിധ്യമാണ് ഇതിന് കാരണം.

ലീഗിനോട് പഴയ സമീപനമല്ല സിപിഎമ്മിന് ഇപ്പോഴെന്ന പിണറായി വിജയന്റെ പ്രസ്താവനയും ആര്‍എസ്പി ജനതാദള്‍ (യു) എന്നീ ഘടകകക്ഷികളെ തിരിച്ച് ഇടതുപാളയത്തിലേക്ക് കൊണ്ടുവരാന്‍ സിപിഎം നടത്തുന്ന ഇടപെടലുകളുമാണ് കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ മറ്റൊരു തലവേദന.

എസ്എന്‍ഡിപി -ബിജെപി കൂട്ടുകെട്ട് ഇടതുപക്ഷത്തിനാണ് തിരിച്ചടിയാവുക എന്നാണ് പൊതു വിലയിരുത്തലെങ്കിലും ഈ കൂട്ടുകെട്ടില്‍ ആശങ്കയുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ ഇടതു വിഭാഗത്തിന് അനുകൂലമായി തിരിയുന്ന സാഹചര്യമുണ്ടായാല്‍ അപ്രതീക്ഷിത തിരിച്ചടിയുണ്ടാകുമെന്ന ഭീതിയും കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്.

Top