മുസാഫര്‍പുര്‍ കലാപം: മൂന്നു പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ 14 പേര്‍ അറസ്റ്റില്‍

മുസാഫര്‍പൂര്‍: ബീഹാറിലെ മുസാഫര്‍പൂര്‍ ജില്ലയിലുള്ള അജിത്പൂര്‍ ഗ്രാമത്തിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ 14 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

മുംബൈയിലായിരുന്ന ബീഹാര്‍ മുഖ്യമന്ത്രി സന്ദര്‍ശനം മതിയാക്കി ബീഹാറില്‍ തിരിച്ചെത്തി. പ്രിന്‍സിപ്പല്‍ സെക്രട്ടറി സുധീര്‍ കുമാറിന്റെയും എ.ഡി.ജി ഗുപ്‌തേശ്വര്‍ പാണ്ഡെയുടെയും നേതൃത്വത്തില്‍ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50, 000 രൂപ വീതവും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു.

സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ അജിത്പൂര്‍ ഗ്രാമത്തില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

മൂന്ന് പേര്‍ പൊള്ളലേറ്റാണ് മരിച്ചത്. മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്ത വിധം കരിഞ്ഞു പോയിരുന്നു. ഞായറാഴ്ചയാണ് ഗ്രാമത്തെ നടുക്കിയ സംഭവമുണ്ടായത്. കണ്‍മുന്നില്‍ക്കണ്ട ഗ്രാമവാസികളെയെല്ലാം അക്രമികള്‍ മര്‍ദ്ദിക്കുകയും ഒന്പതോളം വീടുകള്‍ക്കും നിരവധി വാഹനങ്ങള്‍ക്കും തീയിടുകയും ചെയ്യുകയായിരുന്നു.

കാണാതായിരുന്ന ഒരു യുവാവിന്റെ മൃതദേഹം ലഭിച്ചതോടെയാണ് സമീപഗ്രാമത്തിലെ അയ്യായിരത്തോളം വരുന്ന അക്രമികള്‍ ഇവിടെയെത്തിയത്. സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ: സമീപഗ്രാമവാസിയായ ഭാര്‍ത്തേണ്ടു കുമാര്‍(19) എന്ന ഹിന്ദു യുവാവും അക്രമം നടന്ന മുസ്ലീം ഗ്രാമവാസിയായ ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു. ജനുവരി 9 മുതല്‍ ഭാര്‍ത്തേണ്ടുവിനെ കാണാതായിരുന്നു. വിക്കി എന്നയാളാണ് തന്റെ മകന്റെ തിരോധാനത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി ഭാര്‍ത്തേണ്ടുവിന്റെ പിതാവ് പൊലീസില്‍ പരാതി നല്‍കി. ഞായറാഴ്ച രാവിലെ യുവാവിന്റെ മൃതദേഹം വിക്കിയുടെ വീടിന് സമീപത്തുള്ള വയലില്‍ നിന്നും കണ്ടെത്തിയതാണ് പ്രശ്‌നം വഷളാക്കിയത്. കുപിതരായ ഗ്രാമവാസികള്‍ യുവതിയുടെ ഗ്രാമത്തിലെത്തി അക്രമം അഴിച്ചു വിടുകയായിരുന്നു.വിക്കിയുടെ വീടിനൊപ്പം മറ്റ് എട്ട് വീടുകള്‍ക്കും ഇവര്‍ തീയിട്ടു.

സംഭവം നടന്ന് ഒരു മണിക്കൂറോളം പൊലീസിനോ മറ്റ് അധികൃതര്‍ക്കോ ഗ്രാമത്തിലേക്ക് കടക്കാനായില്ല. ഗ്രാമവാസികളില്‍ പലരും തങ്ങളുടെ വീടുകളുപേക്ഷിച്ച് ഓടിപ്പോവുകയായിരുന്നു.

Top