മുഷ്താഖ് അലി: തകർത്തടിച്ച് സഞ്ജു; കേരളം ക്വാർട്ടറിൽ

ഹിമാചല്‍ പ്രദേശിനെതിനെ നേടിയ 8 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയത്തോടെ കേരളം സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍. സ്‌കോര്‍- ഹിമാചല്‍ 20 ഓവറില്‍ 145-6; കേരളം 19.3 ഓവറില്‍ 147-2. വ്യാഴാഴ്ച നടക്കുന്ന ക്വാര്‍ട്ടറില്‍ കരുത്തരായ തമിഴ്‌നാടാണ് കേരളത്തിന്റെ എതിരാളികള്‍.

ഓപ്പണര്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ (57 പന്തില്‍ 4 ഫോറും 2 സിക്‌സും അടക്കം 60), ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (39 പന്തില്‍ 6 ഫോറും ഒരു സിക്‌സും അടക്കം പുറത്താകാതെ 52) എന്നിവരുടെ ബാറ്റിങ്ങാണ് കേരളത്തിന് അനായാസ വിജയം ഒരുക്കിയത്. 2-ാം വിക്കറ്റില്‍ ഇരുവരും 98 റണ്‍സ് ചേര്‍ത്തു.

16 പന്തില്‍ 4 ഫോര്‍ അടക്കം 22 റണ്‍സെടുത്ത രോഹന്‍ കുന്നുമ്മലിന്റെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്. സച്ചിന്‍ ബേബി 5 പന്തില്‍ 2 ഫോര്‍ അടക്കം 10 റണ്‍സോടെ പുറത്താകാതെ നിന്നു. 3 ഓവറില്‍ 26 റണ്‍സ് വഴങ്ങി 2 വിക്കറ്റെടുത്ത എസ്. മിഥുനാണു കേരളത്തിനായി ബോളിങ്ങില്‍ തിളങ്ങിയത്. മനു കൃഷ്ണന്‍, ബേസില്‍ തമ്പി, ജലജ് സക്‌സേന, എം.എസ്. അഖിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

രാഘവ് ധവാന്‍ (52 പന്തില്‍ 5 ഫോറും 2 സിക്‌സും അടക്കം 65), പി.എസ്. ചോപ്ര (32 പന്തില്‍ 6 ഫോര്‍ അടക്കം 36) എന്നിവരാണ് ഹിമാചലിന്റെ പ്രധാന സ്‌കോറര്‍മാര്‍.

 

Top