മുഴുനീള വില്ലന്‍ വേഷം അവതരിപ്പിക്കണമെന്നാണ് തന്റെ ആഗ്രഹം: നിവിന്‍ പോളി

പ്രണയ ചിത്രങ്ങളില്‍ അഭിനയിച്ച് പ്രേക്ഷകരുടെ ഹൃദയത്തിലേറിയ നിവിന്‍ പോളിക്ക് വില്ലന്‍ വേഷങ്ങള്‍ അവതരിപ്പിക്കണമെന്നാണ് പറയുന്നത്. വില്ലന്‍ വേഷങ്ങള്‍ അവതരിപ്പിക്കണമെന്നാണ് താന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നതെന്ന് നിവിന്‍ പറഞ്ഞു.

ആഷിക് അബു സംവിധാനം ചെയ്ത ‘ഡാ തടിയാ’ എന്ന ചിത്രത്തില്‍ നിവിന്‍ നെഗറ്റീവ് ഛായയുള്ള വേഷമാണ് അവതരിപ്പിച്ചിരുന്നത്. എന്നാല്‍ അത് നൂറ് ശതമാനം വില്ലന്‍ വേഷം ആയിരുന്നില്ല. അല്‍പ്പം ഹീറോയിസം ഉള്ള മുഴുനീള വില്ലന്‍ വേഷം അവതരിപ്പിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും നിവിന്‍ പറഞ്ഞു.

പ്രേമം ചിത്രത്തിലെ പല കഥാപാത്രങ്ങളും തന്റെയും സുഹൃത്തുക്കളുടേയും ജീവിതത്തില്‍ നിന്നും എടുത്തവയാണെന്ന് നിവിന്‍ പറഞ്ഞു.

പ്രേമത്തിലെ ജോര്‍ജിനെ പോലെ താനും കോളേജിലെ അവസാന ബഞ്ച്കാരനായിരുന്നു. എന്നാല്‍ തന്റെ സഹപാഠിയായിരുന്ന ഭാര്യ ഭയങ്കര പഠിപ്പിസ്റ്റും. നടനാകണമെന്ന തന്റെ സ്വപ്നത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നത് ഭാര്യയാണെന്നും നിവിന്‍ വ്യക്തമാക്കി.

ഇപ്പോള്‍ ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലാണ് നിവിന്‍ അഭിനയിക്കുന്നത്. ഒരു സബ്ഇന്‍സ്‌പെക്ടറിന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. സാങ്കേതിക വശങ്ങള്‍ മികച്ചതാക്കി ചിത്രം ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. നിവിന്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രം കൂടിയാണിത്.

ഒരു തമിഴ് ചിത്രത്തിലും, പ്രേമം സിനിമയുടെ ടീമിലുള്ള ഒരാള്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലുമാണ് അതിന് ശേഷം നിവിന്‍ അഭിനയിക്കുക. ഇതില്‍ ഏത് ചിത്രത്തിന്റെ തിരക്കഥയാണോ ആദ്യം പൂര്‍ത്തിയാവുക അതിലായിരിക്കും താന്‍ ആദ്യം അഭിനയിക്കുക എന്നും നിവിന്‍ കൂട്ടിച്ചേര്‍ത്തു.

Top