മുല്ല ഒമറിന്റെ ജീവചരിത്രം താലിബാന്‍ പുറത്തിറക്കി

കാബൂള്‍: രണ്ടു പതിറ്റാണ്ടായി മുഖ്യധാരയില്‍ നിന്നു മാറിനില്‍ക്കുന്ന അഫ്ഗാന്‍ താലിബാന്‍ നേതാവ് മുല്ല ഒമറിന്റെ ജീവചരിത്രം താലിബാന്‍ പുറത്തിറക്കി. ഒമറിന്റെ ജനന മുതല്‍ ഇപ്പോള്‍വരെയുള്ള ജീവിതത്തിന്റെ യഥാര്‍ഥ ചിത്രമാണു താലിബാന്റെ വെബ്‌സൈറ്റിലൂടെ പുറത്തുവിട്ട 5000 വാക്കുകളുള്ള ജീവചരിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മുല്ല ഒമറിന്റെ ജീവചരിത്രം ഇപ്പോള്‍ പുറത്തിറക്കിയതിന്റെ കാരണം വ്യക്തമല്ലെങ്കിലും അദേഹം കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണെന്നു പറയപ്പെടുന്നു. ഇപ്പോഴും അഫ്ഗാന്‍ താലിബാന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് മുല്ല ഒമര്‍ തന്നെയാണെന്ന സൂചനയും ജീവചരിത്രത്തിലുണ്ട്.

മുല്ല ഉമറിന്റെ ജീവിതം, നേട്ടങ്ങള്‍, സ്വഭാവ വിശേഷങ്ങള്‍, കാഴ്ചപ്പാടുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയിരിക്കുന്ന ജീവചരിത്രത്തില്‍ തമാശക്കാരനായ അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട ആയുധം റോക്കറ്റ് പ്രൊപ്പല്ലര്‍ ഗ്രനേഡ്(ആര്‍ജിപി) 7 ആണെന്നും പറയുന്നു. 2001 ല്‍ അഫ്ഗാനില്‍ യുഎസ് നടത്തിയ സൈനിക നടപടിക്കു ശേഷം അദ്ദേഹത്തെക്കുറിച്ച് യാതൊരു അറിവും പുറംലോകത്തിനില്ല. ഇയാളുടെ തലയ്ക്ക് 100 കോടി ഡോളറാണ് അമെരിക്ക പ്രഖ്യാപിച്ചിരിക്കുന്നത്.

1960 ല്‍ കാണ്ഡഹാറിലെ ഖാക്രസ് ജില്ലയിലെ ഛാ ഐ ഹിമാത്ത് ഗ്രാമത്തിലാണു മുല്ലയുടെ ജനനം. സോവിയറ്റ് അധിനിവേശക്കാലത്ത് മദ്രസ വിദ്യാഭ്യാസം ഉപേക്ഷിക്കുകയായിരുന്നു.
198391 കാലഘട്ടത്തില്‍ റഷ്യന്‍ ആക്രമണത്തില്‍ നാലു തവണ പരുക്കേല്‍ക്കുകയും ഒരു കണ്ണ് നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ശക്തി പ്രാപിച്ചതോടെ നഷ്ടപ്പെടുന്ന പിന്തുണ തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുല്ല ഒമറിന്റെ ജീവചരിത്രം ഇപ്പോള്‍ പ്രസിദ്ധീകരിച്ചതെന്നും പറയപ്പെടുന്നു.

Top