മുല്ലപ്പെരിയാര്‍ ജലനിരപ്പ്: കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് തള്ളി

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കണമെന്നാവശ്യപ്പെട്ടുള്ള കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് തള്ളി. ഇക്കാര്യമറിയിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് തമിഴ്‌നാട് മുഖ്യമന്ത്രി ഒ.പനീര്‍ ശെല്‍വം കത്തയച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉടന്‍ കുറയ്ക്കാനാകില്ലെന്ന് തമിഴ്‌നാട് കേരളത്തിനയച്ച കത്തില്‍ പറയുന്നു. അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കുവാന്‍ തമിഴ്‌നാട് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം കത്തെഴുതിയിരുന്നു. ഇതിന് മറുപടിയായാണ് ഇപ്പോള്‍ തമിഴ്‌നാടിന്റെ കത്ത്. ജലനിരപ്പ് 142 അടിയാക്കാന്‍ സുപ്രീം കോടതിയുടെ അനുമതിയുണ്ട്. ഇത് നടപ്പിലാക്കാന്‍ കേരളം സഹകരിക്കണമെന്നും പനീര്‍ശെല്‍വം കത്തില്‍ ആവശ്യപ്പെടുന്നു. തമിഴ്‌നാട്ടിലെ അഞ്ചു ജില്ലകളിലെ കര്‍ഷകര്‍ മുല്ലപ്പെരിയാറിലെ വെള്ളത്തെ ആശ്രയിക്കുന്നവരാണ്. അതിനാല്‍ നിലവില്‍ ജലനിരപ്പ് കുറയ്ക്കുവാന്‍ സാധ്യമല്ലെന്നും പനീര്‍ശെല്‍വം കത്തില്‍ വ്യക്തമാക്കുന്നു.

Top