മുല്ലപ്പെരിയാര്‍: സമീപ വാസികളെ ഒഴിപ്പിക്കാനുള്ള ശ്രമം വിഫലം

ഇടുക്കി : മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഇന്ന് 142 അടിയെത്തി നിറയുമെന്നുറപ്പായിരിക്കെ പെരിയാര്‍ തീരവാസികളെ ഒഴിപ്പിക്കാനുളള സര്‍ക്കാറിന്റെ ശ്രമം വിഫലമായി. പീരുമേട് താലൂക്കിലെ വള്ളക്കടവ് മുതല്‍ ചപ്പാത്ത് വരെയുളള 129 കുടുംബങ്ങളോട് മാറിതാമസിക്കാന്‍ ജില്ലാ കലക്ടറുടെ ചുമതലയുള്ള എ ഡി എം നേരിട്ടെത്തി നിര്‍ദേശം നല്‍കിയെങ്കിലും ഫലമുണ്ടായില്ല. മേഖലയില്‍ തുറന്ന പതിമൂന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ സൗകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ വൈകീട്ട് എ ഡി എമ്മിനെ പ്രദേശവാസികള്‍ തടയുകയും ചെയ്തു. തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് തേനി, ഇടുക്കി ജില്ലാ കലക്ടര്‍മാര്‍ക്ക് രണ്ടാം ജാഗ്രതാ നിര്‍ദേശം നല്‍കി. അതേസമയം, മുല്ലപ്പെരിയാര്‍ നിറയുന്നതിന്റെ ആഹ്ലാദത്തില്‍ തമിഴ്‌നാട്ടിലെ കമ്പത്തും ഉത്തമപാളയത്തും മധുരം വിതരണം ചെയ്തു. അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ വൈകീട്ട് 141.2 അടിയായി ഉയര്‍ന്നിട്ടും കൂടുതല്‍ വെള്ളം കൊണ്ടുപോയി ജലനിരപ്പ് താഴ്ത്താന്‍ തമിഴ്‌നാട് തയ്യാറായിട്ടില്ല. സെക്കന്‍ഡില്‍ രണ്ടായിരം ഘനയടിയിലധികം വെള്ളം മുല്ലപ്പെരിയാര്‍ ജലം സംഭരിക്കുന്ന തമിഴ്‌നാട്ടിലെ വൈഗ അണക്കെട്ടിലേക്ക് ഒഴുക്കാമെന്നിരിക്കെ 750 ഘനയടി മാത്രമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. മഴ കുറഞ്ഞെങ്കിലും ശക്തമായ നീരൊഴുക്ക് തുടരുന്നതിനാല്‍ സെക്കന്‍ഡില്‍ 3,300 ഘനയടിയോളം വെള്ളം മുല്ലപ്പെരിയാറിലേക്ക് എത്തുന്നുണ്ട്. 72 അടി സംഭരണശേഷിയുളള വൈഗ അണക്കെട്ടില്‍ 50.5 അടി വെള്ളം മാത്രമേയുള്ളൂ. ജലനിരപ്പ് താഴ്ത്തണമെന്ന് ആവശ്യപ്പെട്ട് കേരളം വീണ്ടും സുപ്രീം കോടതിയിലെത്തുന്ന സാഹചര്യത്തില്‍ സുപ്രീം കോടതി അനുവദിച്ച 142 അടി വെള്ളം സംഭരിച്ചാലും മുല്ലപ്പെരിയാര്‍ സുരക്ഷിതമെന്ന് തെളിയിക്കുകയാണ് തമിഴ്‌നാടിന്റെ ലക്ഷ്യം.

Top