മുല്ലപ്പെരിയാര്‍ അണക്കെട്ട്: ഏത് സാഹചര്യവും നേരിടാന്‍ തയ്യാറെന്ന് മന്ത്രി അടൂര്‍ പ്രകാശ്

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതില്‍ ആശങ്ക വേണ്ടെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്. ഏത് സാഹചര്യവും നേരിടാന്‍ ദുരന്തനിവാരണ സേന സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി പരിശീലനം നല്‍കിയ 2014പേരെ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. ആള്‍ക്കാരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി 92 സ്ഥലങ്ങള്‍ കണ്ടെത്തി സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളതായും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്റെ ശക്തി വര്‍ധിച്ചതാണ് ഇപ്പോള്‍ ജലനിരപ്പുയരാന്‍ ഇടയാക്കിയിരിക്കുന്നത്. ജലനിരപ്പ് ഉയര്‍ന്നിട്ടും തമിഴ്‌നാട് കൊണ്ടുപോവുന്ന ജലത്തിന്റെ അളവ് കുറച്ചിട്ടില്ല. സെക്കന്‍ഡില്‍ 3357 ഘനയടി ജലമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്.

അതിനിടെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കി വണ്ടിപ്പെരിയാറില്‍ ജില്ലാ ഭരണകൂടം യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. എ.ഡി.എമ്മിന്റെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
ഇതേസമയം ജലനിരപ്പ് 142 അടിയിലേക്ക് നീങ്ങാന്‍ തുടങ്ങിയതോടെ തമിഴ്‌നാട് ജനങ്ങള്‍ക്ക് രണ്ട് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കി. രണ്ടാമത്തെ ജാഗ്രതാ നിര്‍ദ്ദേശം ഉച്ചയോടെയാണ് പുറപ്പെടുവിച്ചത്. ഡാം തുറക്കുന്നതിന് മുന്‍പ് നാല് ജാഗ്രതാ നിര്‍ദ്ദേശങ്ങളാണ് നല്‍കാറുള്ളത്.

Top