മുല്ലപ്പെരിയാര്‍: ജലനിരപ്പില്‍ നേരീയ കുറവ്

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ നേരീയ കുറവ്. നീരൊഴുക്ക് കുറഞ്ഞെങ്കിലും ജലനിരപ്പ് 141 അടിയായി തുടരുന്നു. ശനിയാഴ്ച 141.2 അടിയിലെത്തിയ അണക്കെട്ടിലെ ജലനിരപ്പു ഇപ്പോള്‍ 141 അടിയായി കുറഞ്ഞു. 142 ആകാതെ ഷട്ടര്‍ ഉയര്‍ത്തില്ലെന്ന വാശിയിലാണ് തമിഴ്‌നാട്.

സ്പില്‍വേയിലെ ഏറെക്കാലമായി തകരാറിലായ 13ാമത്തെ ഷട്ടര്‍ നന്നാക്കാന്‍ ഞായറാഴ്ച രാവിലെ തമിഴ്‌നാട് അറ്റകുറ്റപ്പണി തുടങ്ങി. ഇക്കാര്യം കേരളം തമിഴ്‌നാടിന്റേയും കോടതിയുടേയും ശ്രദ്ധയില്‍പെടുത്തിയിരുന്നു.

നീരൊഴുക്കു കുറഞ്ഞതും അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തു മഴ കുറഞ്ഞതുമാണ് ജലനിരപ്പില്‍ കുറവ് വരാന്‍ കാരണം. ഇന്നലെ സെക്കന്‍ഡില്‍ 3357 ഘനയടി വെള്ളം ഒഴുകിയെത്തിയിരുന്നു. ഇത് ഞായറാഴ്ച രാവിലെ ഇത് 1537ഘനയടിയായി കുറഞ്ഞിട്ടുണ്ട്. തമിഴ്‌നാട് കൊണ്ടുപോകുന്നത് 906 ഘനയടിയാണ്.

ജലനിരപ്പ് ഉയരുകയും ഷട്ടര്‍ തുറക്കേണ്ടിവരികയും ചെയ്താല്‍ അടിയന്തിര സാഹചര്യം നേരിടാന്‍ ദ്രുതകര്‍മ്മ സേനയിലെ രണ്ട് ബറ്റാലിയനുകളെ കുട്ടിക്കാനത്തും ഉപ്പുതറയിലുമായി വിന്യസിച്ചിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷക്കാണ് പ്രാധാന്യം നല്‍കുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കൊച്ചിയില്‍ പറഞ്ഞു.

Top