മുന്‍ എസ്എഫ്‌ഐ നേതാവ് ബിമലിന്റെ സ്മരണക്ക് ഒന്നരക്കോടി രൂപയുടെ കലാഗ്രാമം

കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്റെ കുടുംബത്തെ സഹായിക്കാന്‍ പാര്‍ട്ടിവിലക്ക് ലംഘിച്ച് ഫണ്ടു പിരിവു നടത്തിയതിന് സി.പി.എം പുറത്താക്കിയ എസ്.എഫ്.ഐ മുന്‍ കേന്ദ്ര കമ്മിറ്റി അംഗം കെ.എസ് ബിമലിന് സ്മാരകമായി ഒന്നരക്കോടിയുടെ കലാഗ്രാമം പണിയുന്നു.

അര്‍ബുദ ബാധയെതുടര്‍ന്ന് ജൂലൈ ഒന്നിന് മരണമടഞ്ഞ ബിമലിനുവേണ്ടി സുഹൃത്തുക്കളും ബന്ധുക്കളും പാര്‍ട്ടി അനുഭാവികളുമടങ്ങുന്നവരാണ് എടച്ചേരിയില്‍ സ്മാരകം പണിയുന്നത്.

മാഹി കനാലിന്റെ തീരത്ത് ഒരു കോടി രൂപക്ക് സ്ഥലം വാങ്ങി അവിടെ 50 ലക്ഷം രൂപ ചെലവിട്ടാണ് കലാഗ്രാമം പണിയുന്നത്. ഇവിടെ ലൈബ്രറി, ഓഡിറ്റോറിയം, തിയറ്റര്‍ തുടങ്ങിയ സംവിധാനങ്ങളും ഒരുക്കും. കവികള്‍ക്കും സാഹിത്യകാരന്‍മാര്‍ക്കും പുരോഗമനവാദികള്‍ക്കും ഒന്നിച്ചിരിക്കാവുന്ന ഇടമായിരിക്കും കലാഗ്രാമം. ബിമലിന്റെ ഈ സ്വപ്നമാണ് സുഹൃത്തുക്കള്‍ യാഥാര്‍ത്ഥ്യമാക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട ആലോചനായോഗം ബി. രാജീവന്‍ ഉദ്ഘാടനം ചെയ്തു. ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ, മുന്‍ എസ്.എഫ്.ഐ നേതാക്കളായ ദിനേശന്‍ പുത്തലത്ത്, കെ.പി ചന്ദ്രന്‍, ലാല്‍കിഷോര്‍ എന്നിവര്‍ പങ്കെടുത്തു.

ബാലസംഘം മുതല്‍ എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം വരെ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയും സംഘാടകമികവിലൂടെയും വളര്‍ന്നു വന്ന നേതാവാണ് ബിമല്‍. ബാലസംഘം കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരിക്കെയാണ് എസ്.എഫ്.ഐ നേതൃത്വ നിരയിലേക്കെത്തിയത്.

1993 മുതല്‍ 2003 വരെ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. പിന്നീട് എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റും ജോയിന്റ് സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായി വളര്‍ന്നു. കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറിയും സെനറ്റ് അംഗവും ആയിരുന്നു.

നിരവധി സമരങ്ങളില്‍ പോലീസിന്റെ ക്രൂരമര്‍ദ്ദമങ്ങള്‍ക്കിരയായ ബിമല്‍ പ്രവര്‍ത്തകര്‍ക്ക് ആവേശമായിരുന്നു. കൊല്ലപ്പെട്ട ടി.പി ചന്ദ്രശേഖരനോട് വ്യക്തിപരമായി അടുപ്പം പുലര്‍ത്തിയിരുന്ന ബിമല്‍, ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ വീടുപണി പൂര്‍ത്തീകരിക്കാനും കുടുംബത്തെ സഹായിക്കാനും ഫണ്ട് പിരിവിന് രംഗത്തിറങ്ങുകയായിരുന്നു.

പാര്‍ട്ടിക്കാര്‍ ഉള്‍പ്പെടെ വലിയ വിഭാഗം ഒപ്പം നിന്നും 20 ലക്ഷം രൂപയാണ് ബിമലിന്റെ നേതൃത്വത്തില്‍ പിരിച്ച് കെ.കെ രമക്ക് കൈമാറിയത്. ഇതോടെയാണ് സി.പി.എമ്മില്‍ നിന്നും പുറത്താക്കപ്പെട്ടത്.

സി.പി.എമ്മില്‍ നിന്നും പുറത്തുപോയെങ്കിലും ഇടതുപക്ഷ ആശയങ്ങള്‍ മുറുകെപ്പിടിച്ച് ജനാധിപത്യ വേദി ചെയര്‍മാന്‍, സോഷ്യലിസ്റ്റ് ആള്‍ട്ടര്‍നേറ്റീവ് സംസ്ഥാന നേതാവ് എന്നീ നിലയില്‍ പ്രവര്‍ത്തനരംഗത്ത് സജീവമായിരുന്നു. ഇതിനിടെയാണ് കാന്‍സര്‍ ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.

ബിമലിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ പതിനായിരങ്ങളാണ് കോഴിക്കോടും എടച്ചേരിയിലുമായി തടിച്ചുകൂടിയിരുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി തന്നെ നേരിട്ട് ഈ വിപ്ലവകാരിക്ക് അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു.

Top