മുന്നണി മാറ്റത്തിന് ആര്‍എസ്പിയും ജനതാദള്‍ (യു)വും; സര്‍ക്കാരിന്റെ നില പരുങ്ങലില്‍

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് കനത്ത പ്രഹരമേറ്റതോടെ മുന്നണി മാറ്റത്തെക്കുറിച്ച് യുഡിഎഫ് ഘടകകക്ഷികളിലും ചര്‍ച്ചകള്‍ സജീവമായി.

സ്വന്തം തട്ടകത്തില്‍പോലും തകര്‍ന്നടിഞ്ഞതിന്റെ ഞെട്ടലില്‍ നിന്നും വിമുക്തമാവാത്ത ആര്‍എസ്പിയില്‍ വലിയ ഒരു വിഭാഗം ഇടതുപക്ഷത്തേക്ക് തിരിച്ചുപോകണമെന്ന നിലപാടിലാണ്.

ബാര്‍ കോഴയാണ് സര്‍ക്കാരിന്റെ തിരിച്ചടിക്ക് കാരണമെന്നും ഇങ്ങനെയായാല്‍ എല്ലാവരും മുങ്ങുമെന്നും പറഞ്ഞ് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ ആസീസ് തന്നെ ആദ്യ വെടി പൊട്ടിച്ചിരുന്നു. മാണി എന്തൊക്കെ പറഞ്ഞാലും ബാര്‍ കോഴയില്‍ ജനത്തിന് പ്രതിഷേധമുണ്ടെന്നും മുന്നണി മര്യാദവച്ചാണ് ഇത്രയും നാള്‍ മിണ്ടാതിരുന്നതെന്നും അസീസ് തുറന്നടിച്ചു.

തിരഞ്ഞെടുപ്പ് റിവ്യൂവിനായി വിളിച്ചു ചേര്‍ക്കുന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തില്‍ മുന്നണി മാറ്റത്തെ കുറിച്ചും ചര്‍ച്ച നടക്കുമെന്നാണ് അറിയുന്നത്.

ആര്‍എസ്പി ഇല്ലാതെ തന്നെ കൊല്ലത്ത് സിപിഎം കരുത്ത് തെളിയിച്ചതിനാല്‍ ഇനി മുന്നണിയില്‍ തിരിച്ചെത്തിയാല്‍ പഴയ പരിഗണന ലഭിക്കുമോ എന്ന ആശങ്കയും നേതാക്കള്‍ക്കിടയിലുണ്ട്.

ജനതാദള്‍ (യു) വും തിരഞ്ഞെടുപ്പ് അവലോകനത്തിനായി അടിയന്തിരമായി ഭാരവാഹികളുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ബീഹാറിലെ വിജയത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ ഘടകത്തിന്റെ കൂടി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ജനതാദള്‍ (യു) വിന്റെ തീരുമാനം.

കോണ്‍ഗ്രസ്സുമായി മഹാസഖ്യമായിട്ടാണ് മത്സരിച്ചതെങ്കിലും സര്‍ക്കാരിന്റെ നിലനില്‍പ്പിന് കോണ്‍ഗ്രസ്സ് എംഎല്‍എ മാരുടെ പിന്തുണ ബീഹാറില്‍ അനിവാര്യമല്ലാത്തതിനാല്‍ കേരളത്തില്‍ യുഡിഎഫില്‍ നിന്ന് വിട്ടുപോവാന്‍ ജനതാദള്‍ (യു) ശ്രമിച്ചാലും കോണ്‍ഗ്രസ്സിന് സമ്മര്‍ദ്ദതന്ത്രം പയറ്റാന്‍ കഴിയില്ല.

ഇടതുപക്ഷത്തേക്ക് ജനതാദള്‍ (യു) സംസ്ഥാനഘടകം മടങ്ങണമെന്ന നിലപാടാണ് ദേശീയ പ്രസിഡന്റ് ശരത് യാദവിനുള്ളത്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറുമായി കൂടിയാലോചിച്ച് ഇക്കാര്യത്തില്‍ ഒരു തീരുമാനം ഉടനെതന്നെ എടുക്കുമെന്നാണ് സൂചന.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വന്‍ മുന്നേറ്റം നടത്തിയതും ഭരണത്തുടര്‍ച്ച ഒരു സര്‍ക്കാരിനും നല്‍കിയ ചരിത്രം കേരളത്തിലില്ലാത്തതും കണക്കിലെടുത്ത് ഇടതുമുന്നണിയിലേക്ക് മടങ്ങാന്‍ തന്നെയാകും കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിക്കുക എന്നാണ് സംസ്ഥാന ഘടകവും പ്രതീക്ഷിക്കുന്നത്.

പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ നിരന്തരം ജനതാദള്‍ (യു) ആര്‍എസ്പി നേതൃത്വവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതും സിപിഎമ്മില്‍ വി.എസിന് സ്വീകാര്യത വര്‍ധിച്ചതും പുനര്‍ വിചിന്തനത്തിന് പഴയ ഘടകകക്ഷികളെ പ്രേരിപ്പിച്ചിട്ടുണ്ട്. തീരുമാനമെന്തായാലും അത് അധികം താമസിയാതെ തന്നെ എടുക്കുമെന്നാണ് ഇരു പാര്‍ട്ടികളുടെയും നേതൃത്വങ്ങള്‍ പറയുന്നത്.

കെപിസിസി നേതൃയോഗത്തിലും രാജി ആവശ്യം ശക്തമാകുന്നതോട മാണിയുടെ ‘ഭാവി’യും പ്രതിസന്ധിയിലാവുമെന്നതിനാല്‍ കേരള കോണ്‍ഗ്രസ്സിലെ ജോസഫ് വിഭാഗം നേതാക്കള്‍ക്കിടയില്‍ മുന്നണി മാറ്റത്തെക്കുറിച്ച് ആലോചനകള്‍ സജീവമാണ്.

കേരള കോണ്‍ഗ്രസ്സ് ലയനം ‘നഷ്ടകച്ചവട’മായി പോയെന്ന നിലപാട് ജോസഫ് വിഭാഗത്തിലെ പ്രമുഖ നേതാവായ മുന്‍ ഇടുക്കി എംപി ഫ്രാന്‍സിസ് ജോര്‍ജ്ജ് അടക്കമുള്ള നേതാക്കള്‍ക്ക് നേരത്തെ തന്നെയുണ്ടായിരുന്നു.

മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ കൂടുതല്‍ ‘ചെളി’ തെറിക്കുന്നതിന് മുമ്പ് ഇടത്തോട്ടേക്ക് പോകണമെന്നാണ് ഈ വിഭാഗത്തിന്റെ അഭിപ്രായം.

കേരള കോണ്‍ഗ്രസ്സ് വര്‍ക്കിംഗ് ചെയര്‍മാന്‍ കൂടിയായ പി.ജെ ജോസഫിന്റെ നിലപാടിനായി കാത്തിരിക്കുകയാണ് നേതൃത്വം.

ജോസഫും കൂട്ടരും മറുകണ്ടം ചാടാതിരിക്കാന്‍ സാമുദായിക നേതൃത്വം വഴി മാണി തന്നെ പ്രതിരോധം തീര്‍ക്കുന്നതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

എന്തായാലും ബാര്‍ കോഴക്കേസില്‍ തുടരന്വേഷണമാകാമെന്ന ഹൈക്കോടതി വിധി കോണ്‍ഗ്രസ്സിലും യുഡിഎഫിലും വലിയ പൊട്ടിത്തെറിയിലേക്കാണ് വഴിവച്ചിരിക്കുന്നത്. മാണി ഉടന്‍ രാജി വയ്ക്കുമെന്നാണ് ലഭിക്കുന്ന സൂചന.

Top