മുഖ്യമന്ത്രി പറഞ്ഞിട്ടും മുട്ട് മടക്കാത്ത ധീരത; ഋഷിരാജ് സിംങ്ങ് രണ്ടും കല്‍പ്പിച്ച് രംഗത്ത്

തിരുവനന്തപുരം : ആഭ്യന്തര വകുപ്പുമന്ത്രിയെ സല്യൂട്ടടിക്കാത്തതിന്റെ പേരില്‍ വിവാദ നായകനായി മാറിയ ഋഷിരാജ് സിംങ്ങ് വീണ്ടും ’തെറ്റ് ‘ ആവര്‍ത്തിച്ചത് സര്‍ക്കാരിന് കനത്ത പ്രഹരമായി.

പോലീസ് അക്കാദമിയിലെ വനിതാ പോലീസ് പാസിംഗ് ഔട്ട് പരേഡില്‍ എഴുന്നേറ്റ് നില്‍ക്കാതെയും സല്യൂട്ടടിക്കാതെയുമാണ് ഋഷിരാജ് സിംങ്ങ് ‘അമര്‍ഷം’ പ്രകടിപ്പിച്ചതെങ്കില്‍ കഴിഞ്ഞ ദിവസത്തെ ആക്കുളത്തെ പരിപാടിയില്‍ അറ്റന്‍ഷനില്‍ നില്‍ക്കാതെയാണ് തന്റെ നിലപാടില്‍ സിംങ് ഉറച്ചുനിന്നത്.

സല്യൂട്ടടി വിവാദത്തില്‍ മുഖ്യമന്ത്രിയെക്കണ്ട് വിശദീകരണം നല്‍കിയശേഷവും പഴയ നിലപാട് ഋഷിരാജ് സിംങ്ങ് ആവര്‍ത്തിച്ചത് സര്‍ക്കാരിനെ ഞെട്ടിച്ചിട്ടുണ്ട്.

യൂണിഫോമിലായിരുന്ന ഡി.ജി.പി സെന്‍കുമാര്‍ സല്യൂട്ട് ചെയ്തും മഫ്ടിയിലായിരുന്ന ജയില്‍ മേധാവി ലോക്‌നാഥ് ബഹ്‌റ അറ്റന്‍ഷനായി നിന്നും ആഭ്യന്തരമന്ത്രിക്ക് ഉപചാരമര്‍പ്പിച്ചപ്പോഴാണ് സിംങ്ങ് ഇവിടെയും വ്യത്യസ്തനായത്.

സല്യൂട്ടിന് പകരം മഫ്ടിയില്‍ വരുന്ന ഉദ്യോഗസ്ഥര്‍ ചെയ്യേണ്ട ‘അറ്റന്‍ഷന്‍’ആഭ്യന്തര മന്ത്രിക്ക് മുന്‍പില്‍ കാണിക്കാതെ കൈകൂപ്പുക മാത്രമാണ് ഋഷിരാജ് സിംങ്ങ് ചെയ്തത്.

സ്ത്രീകളും മുതിര്‍ന്ന പൗരന്മാരുമെല്ലാം ഒരു പരാതിയുമായി ചൊന്നാലോ, അത്തരം ആളുകളെ പൊതു ചടങ്ങില്‍ കണ്ടാലോ ഋഷിരാജ് സിംങ്ങിനെ പോലുള്ള ഒരു പോലീസ് ഓഫീസര്‍ ചെയ്യുന്ന സാധാരണ നടപടി മാത്രമാണ് കൈകൂപ്പിയുള്ള വണക്കം.

പോലീസ് മന്ത്രിയെ ഡി.ജി.പി അടക്കമുള്ള മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ ‘പ്രേട്ടോകോള്‍’ പ്രകാരമുള്ള ഉപചാരമര്‍പ്പിച്ചിട്ടും അവരുടെ സാന്നിദ്ധ്യത്തില്‍ വ്യത്യസ്തമായ രീതിയില്‍ പെരുമാറിയത് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.

അതേസമയം തന്റെ നിലപാട് ഏതെങ്കിലും സമ്മര്‍ദ്ദത്തിന്റെ ഭാഗമായി മാറ്റുന്ന പ്രശ്‌നമേ ഉദിക്കുന്നില്ലെന്ന കര്‍ക്കശ നിലപാടില്‍ തന്നെയാണ് ഋഷിരാജ് സിംങ്. സര്‍ക്കാര്‍ നടപടി വരെട്ട അപ്പോള്‍ നോക്കാം എന്ന നിലപാടിലാണ് അദ്ദേഹം.

വൈദ്യുതി വകുപ്പ് ചീഫ് വിജിലന്‍സ് ഓഫീസറായിരുന്ന ഋഷിരാജ് സിംഗിനെ പോലീസില്‍ ഉന്നത പദവി വാഗ്ദാനം ചെയ്ത് കൊണ്ടുവന്ന് ബറ്റാലിയന്‍ എ.ഡി.ജി.പി ആയി ഒതുക്കുകയായിരുന്നു. ഇതിലുള്ള പ്രതിഷേധത്തെ തുടര്‍ന്നാണ് തൃശൂര്‍ പോലീസ് അക്കാദമിയില്‍ ആഭ്യന്തര മന്ത്രിയെ ഋഷിരാജ് സിംങ്ങ് സല്യൂട്ടടിക്കാതെയിരുന്നതെന്നാണ് പുറത്ത് വന്ന വിവരം.

സംഭവം വിവാദമായപ്പോള്‍ സിംഗിനെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പഖ്യാപിച്ചിരുന്നു. ഇതിനുശേഷം മുഖ്യമന്ത്രിയെ കണ്ട് വിശദീകരണം നല്‍കിയശേഷമാണ്, തന്റെ നിലപാട് ആക്കുളത്തെ ചടങ്ങില്‍ ഡി.ജി.പിയെ സാക്ഷിനിര്‍ത്തി സിംഗ് ആവര്‍ത്തിച്ചത്. എന്നാല്‍ മുന്‍ ‘അനുഭവം’ ഉള്ളതിനാല്‍ തിരിച്ച് സിംങ്ങിന് ഹസ്താനം നല്‍കിയാണ് ആഭ്യന്തരമന്ത്രി ചെന്നിത്തല വേദിയില്‍ കയറിയിരുന്നത്.

മന്ത്രിയെ സല്യൂട്ടടിക്കാന്‍ പ്രോട്ടാകോളില്‍ ഒരിടത്തും പറയുന്നില്ലെന്നാണ് സിംഗിന്റെ നിലപാട്.

Top