മുഖ്യമന്ത്രിയുടെ വഴിയെ സിപിഎം എം.പിയും; പി.കെ ബിജുവിനെതിരെ പ്രതിഷേധം ശക്തം

പാലക്കാട്:പി.കെ ബിജു എം.പിക്കെതിരെ സിപിഎമ്മില്‍ പ്രതിഷേധം പടരുന്നു. ആലത്തൂര്‍ എം.പിയായ ബിജുവിന്റെ മണ്ഡലത്തില്‍പ്പെട്ട മുതലമടയിലെ നീര പ്രൊസസിങ് പ്ലാന്റ് ശിലാസ്ഥാപന ചടങ്ങില്‍ നിന്ന് വിട്ട് നിന്ന നടപടിയാണ് സിപിഎം പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചിട്ടുള്ളത്.

രണ്ടായിരത്തോളം നീര കര്‍ഷകര്‍ പങ്കെടുത്ത ചടങ്ങില്‍ ഉദ്ഘാടകനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുക്കാതിരുന്നത് രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനുള്ള സുവര്‍ണാവസരമാണ് പി.കെ ബിജുവിന്റെ അസാന്നിധ്യം വഴി നഷ്ടമായതെന്നാണ് സിപിഎം പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

രാവിലെ മുതല്‍ ജില്ലയിലുണ്ടായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പഞ്ചായത്ത് ദിനാഘോഷമടക്കമുള്ള മറ്റ് പരിപാടികളില്‍ പങ്കെടുത്തിരുന്നെങ്കിലും മുതലമടയിലെ പരിപാടി റദ്ദാക്കുകയായിരുന്നു. സംസ്ഥാനത്തെ കേര കര്‍ഷകര്‍ ഏറെ പ്രതീക്ഷയോടെ കാണുന്ന നീര പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്ക് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കുമെന്ന പ്രതീക്ഷയിലായിരുന്നു കേര കര്‍ഷകര്‍. മുഖ്യമന്ത്രി ഇരട്ടത്താപ്പ് കാണിച്ചാലും തൊഴിലാളി വര്‍ഗ്ഗ വോട്ടിന്റെ പിന്‍ബലത്തില്‍ മാത്രം എം.പിയായ പി.കെ ബിജു ചടങ്ങിനെത്തണമായിരുന്നുവെന്ന വികാരമാണ് കേര കര്‍ഷകര്‍ക്കിടയിലുള്ളത്.

ആലത്തൂര്‍ മണ്ഡലത്തിലെ പൊതുപരിപാടികളിലും പാര്‍ട്ടി പരിപാടികളിലും മുഖം തിരിക്കുന്ന പി.കെ ബിജുവിനെതിരെ നേതൃത്വത്തിന് പരാതി നല്‍കാനുള്ള നീക്കത്തിലാണ് സിപിഎം പ്രവര്‍ത്തകര്‍. ആലത്തൂര്‍ സംവരണ മണ്ഡലത്തില്‍ കോട്ടയം സ്വദേശിയായ പി.കെ ബിജുവിനെ മത്സരിപ്പിക്കാന്‍ ആദ്യഘട്ടത്തില്‍ സിപിഎം സംസ്ഥാന നേതൃത്വം തീരുമാനിച്ചപ്പോള്‍ തന്നെ പാലക്കാട്ടെ സിപിഎം നേതൃത്വത്തില്‍ ശക്തമായ ഭിന്നാഭിപ്രായമുയര്‍ന്നിരുന്നു.

എന്നാല്‍ എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റാണ് എന്നതും, സംവരണ മണ്ഡലത്തില്‍ മത്സരിക്കാന്‍ മികച്ച മറ്റ് സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നില്ല എന്ന ‘യാഥാര്‍ത്ഥ്യവും’ബിജുവിന് തുണയാവുകയായിരുന്നു. സിപിഎമ്മിന്റെ സംസ്ഥാനത്തെ ഉറച്ച കോട്ടയായ ആലത്തൂരില്‍ കന്നി അങ്കത്തില്‍ തന്നെ വന്‍ ഭൂരിപക്ഷത്തിനാണ് ബിജു തെരെഞ്ഞെടുക്കപ്പെട്ടിരുന്നത്.

പാവപ്പെട്ട കുടുംബാംഗമായ പി.കെ ബിജു എം.പിയായ ഉടനെ തന്നെ അംബാസിഡര്‍ കാര്‍ വാങ്ങിയതും തുടര്‍ന്ന് ലക്ഷ്വറി വാഹനമായ ഇന്നോവക്കാര്‍ സ്വന്തമാക്കിയതും സിപിഎം അണികളില്‍ ഏറെ വിമര്‍ശനത്തിന് കാരണമായിരുന്നു. പാര്‍ട്ടി പരിപാടികളില്‍പോലും പങ്കെടുക്കാതെയും പാര്‍ട്ടിയെ അറിയിക്കാതെ ഫണ്ട് വിനിയോഗം നടത്തിയതിലും ശക്തമായ പ്രതിഷേധം പ്രാദേശിക സിപിഎം ഘടകങ്ങള്‍ ജില്ലാ കമ്മറ്റിയെ അറിയിക്കുന്ന സാഹചര്യം വരെ ഉണ്ടായി.

രണ്ടാമത്തെ തവണ ബിജുവിനെ ആലത്തൂരില്‍ മത്സരിപ്പിക്കരുതെന്ന പ്രവര്‍ത്തകരുടെ വികാരം സിപിഎം സംസ്ഥാന നേതൃത്വം പരിഗണിച്ചിരുന്നുവെങ്കിലും നിലവിലെ മറ്റെല്ലാ സിറ്റിംഗ് എം.പിമാര്‍ക്കും ഒരവസരം നല്‍കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ബിജുവിനും സീറ്റ് അനുവദിക്കുകയായിരുന്നു. രാഷ്ട്രീയ എതിരാളികളുടെ പ്രചാരണം ഒഴിവാക്കാനായിരുന്നു ഇത്.

ബസില്‍ യാത്ര ചെയ്തും ഓട്ടോ റിക്ഷയിലും സൈക്കിളിലും സഞ്ചരിച്ചും പൊതു പ്രവര്‍ത്തനം നടത്തിയിരുന്ന സിപിഎമ്മിന്റെ മുന്‍ എം.പി അജയ്കുമാറിന്റെ പിന്‍ഗാമിയായാണ് ബിജു ആലത്തൂരില്‍ മത്സരിച്ചിരുന്നത്. കര്‍ഷക തൊഴിലാളികളും പാവപ്പെട്ട ജനവിഭാഗങ്ങളും ഭൂരിപക്ഷമുള്ള മണ്ഡലത്തില്‍ ഒരു കമ്യൂണിസ്റ്റുകാരന്റെ ജീവിതരീതിയല്ല പാര്‍ട്ടി വോട്ട് നേടി വിജയിച്ച എം.പി പിന്‍തുടര്‍ന്നിരുന്നതെന്നാണ് പ്രവര്‍ത്തകരുടെ വികാരം.

Top