മുഖ്യമന്ത്രിക്കെതിരെ വി.എം സുധീരന്‍; രാജി വെക്കരുതെന്ന് ആന്റണിയുടെ നിര്‍ദേശം

തിരുവനന്തപുരം: മദ്യ ലോബിക്ക് വേണ്ടി മദ്യനയത്തില്‍ മാറ്റം വരുത്തിയ സര്‍ക്കാര്‍ നടപടിയില്‍ ആടിയുലഞ്ഞ് യുഡിഎഫ് സര്‍ക്കാര്‍. സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത് പരസ്യമായി രംഗത്ത് വന്ന കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ നടപടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വെട്ടിലാക്കിയിരിക്കുകയാണ്. പ്രതിപക്ഷം പോലും പറയാത്ത കാര്യങ്ങള്‍ ഉന്നയിച്ചാണ് സര്‍ക്കാരിനെ സുധീരന്‍ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നത്.

സര്‍ക്കാരിന്റെ മദ്യ നയത്തില്‍ ജനം ഞെട്ടിയെന്നും മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണ് മദ്യ നയം മാറ്റിയതെന്നുമുള്ള കെപിസിസി പ്രസിഡന്റിന്റെ ആരോപണത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് മുഖ്യമന്ത്രിയാണ്. പാര്‍ട്ടിയും കെപിസിസി പ്രസിഡന്റും സര്‍ക്കാരും നേര്‍ക്ക് നേരെ വരുന്നത് അസാധാരണമായ സംഭവമാണ്. ഈ പ്രതിസന്ധിയെ യുഡിഎഫ് എങ്ങനെ മറികടക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

മദ്യ ലോബികള്‍ക്ക് വേണ്ടി നയം തിരുത്തിയതില്‍ എ.കെ ആന്റണിയും കടുത്ത പ്രതിഷേധത്തിലാണെന്നാണ് ലഭിക്കുന്ന സൂചന. യുഡിഎഫ് സര്‍ക്കാരിന് അനുകൂലമായ ജനവികാരത്തെ ഒറ്റയടിക്ക് ഇല്ലാതാക്കാന്‍ മാത്രമാണ് പുതിയ തീരുമാനം വഴിയൊരുക്കിയതെന്ന വിലയിരുത്തലിലാണ് ആന്റണിയത്രെ.

ചാരായ നിരോധനത്തിലൂടെ മദ്യവിരുദ്ധ നിലപാട് പ്രകടിപ്പിച്ച എ.കെ ആന്റണി ഒരു കാരണവശാലും കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവെക്കരുതെന്ന് വി.എം സുധീരനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സുധീരന്റെ നിലപാട് പൊതു സമൂഹത്തോട് തുറന്ന് പറയാന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം തടസ്സമല്ലെന്ന നിലപാടാണ് അദ്ദേഹത്തിനുള്ളത്. സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുന്നതിന് മുന്‍പ് ആന്റണിയുമായി സുധീരന്‍ ആശയവിനിമയം നടത്തിയതായാണ് അറിയുന്നത്.

അഭിപ്രായ ഭിന്നത പൊട്ടിത്തറിയിലെത്തിയതിനാല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും കെപിസിസി പ്രസിഡന്റ് വി.എം സുധീരനേയും വിഷയം ചര്‍ച്ച ചെയ്യാന്‍ ഉടന്‍ ഡല്‍ഹിക്ക് വിളിപ്പിക്കുമെന്നാണ് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

ഇതിനിടെ മദ്യ നയം തിരുത്താനുള്ള മന്ത്രി സഭാ തീരുമാനത്തില്‍ വിയോജിപ്പ് നാടകം കളിച്ച ലീഗ് മന്ത്രിമാരുടെ നടപടി ലീഗിലും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. പരസ്യമായി മദ്യ നയ മാറ്റത്തിനെതിരെ പ്രതികരിക്കാന്‍ മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീറിനെ പ്രേരിപ്പിച്ചത് ഇക്കാരണം കൊണ്ടാണെന്നാണ് സൂചന.

ലീഗ് കടുത്ത നിലപാട് സ്വീകരിച്ചിരുന്നുവെങ്കില്‍ ബിയര്‍ – വൈന്‍ പാര്‍ലറുകള്‍ അനുവദിക്കാനും ഞായറാഴ്ചയിലെ ഡ്രൈഡേ എടുത്ത് കളയാനും സര്‍ക്കാരിന് കഴിയില്ലായിരുന്നു എന്ന വികാരം ലീഗ് അണികളിലും ശക്തമാണ്. ലീഗിനെ പിന്‍തുണയ്ക്കുന്ന സാമുദായിക സംഘടനകളും ഇക്കാര്യത്തില്‍ തങ്ങള്‍ക്കുള്ള പ്രതിഷേധം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉണ്ടാക്കിയ രഹസ്യ ധാരണ പ്രകാരമാണ് ലീഗ് പ്രതിഷേധം ‘വാക്കുകളില്‍’ മാത്രമായി ഒതുക്കിയതെന്ന ആക്ഷേപം ചില കേന്ദ്രങ്ങളില്‍ നിന്ന് നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. മദ്യത്തിനെ പ്രോത്സാഹിപ്പിക്കുന്ന ഒരു നടപടിയേയും സമുദായം പിന്‍തുണയ്ക്കില്ലെന്നതിനാല്‍ വരും ദിവസങ്ങളില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്ത് വരാനാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം.

Top