മുഖ്യധാരാ മാധ്യമങ്ങള്‍ വാക്‌സിന്‍ വിരുദ്ധത അവസാനിപ്പിക്കണമെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: പ്രതിരോധ കുത്തിവയ്പ്പുകള്‍ക്കെതിരേയുളള പ്രചാരണങ്ങള്‍ പ്രതിരോധിക്കണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. പ്രതിരോധ കുത്തിവയ്പ്പുകളിലൂടെ തുടച്ചുനീക്കി എന്നു കരുതുന്ന ഡിഫ്ത്തീരിയ പോലുളള രോഗങ്ങള്‍ തിരികെ വരുന്ന സാഹചര്യം കേരളത്തിന് ആശാസ്യമല്ലെന്നും പിണറായി. അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

പതിറ്റാണ്ടുകള്‍ കൊണ്ട് കേരളം ആരോഗ്യ രംഗത്തുണ്ടാക്കിയ നേട്ടങ്ങളില്‍ നിന്ന് പിന്നോട്ട് പോകുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ആശങ്കയുണ്ടാക്കുന്നുവെന്നും ഒരുകാലത്ത് പ്രതിരോധ കുത്തിവയ്പ്പുകള്‍ക്ക് വേണ്ടി നടന്ന ക്യാംപെയ്‌നുകളെപ്പോലെയാണ് ഇപ്പോള്‍ പ്രതിരോധകുത്തിവയ്പ്പിനെതിരെ നടക്കുന്ന ക്യാംപെയ്‌നെന്നും അതുകൊണ്ട് തന്നെ ഇതിനെ പ്രതിരോധിക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ചില ജില്ലകളില്‍ 36% മാത്രമെ വാകിസ്‌നേഷന്‍ ലഭിക്കുന്നുള്ളൂ എന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്ന സ്ഥിതിക്ക് സര്‍ക്കാരും മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും യുവജനങ്ങളും വാക്‌സിന്‍ അനുകൂല ക്യാമ്പൈന്‍ നടത്താന്‍ ഒരുമിച്ചിറങ്ങേണ്ട സാഹചര്യമാണുള്ളത്. മുഖ്യാധാര മാധ്യമങ്ങളില്‍ അടക്കം വാക്‌സിന്‍ വിരുദ്ധതക്ക് വലിയ പ്രാധാന്യം ലഭിക്കുന്നവെന്നതിനാല്‍ അതേ മാധ്യമങ്ങളില്‍ക്കൂടിത്തന്നെ അത് കൗണ്ടര്‍ ചെയ്യേണ്ടതുണ്ട്.

സര്‍ക്കാരും മാധ്യമങ്ങളും ചേര്‍ന്ന് വാക്‌സിനേഷന് പ്രേരിപ്പിക്കുന്ന പരസ്യങ്ങളും വീഡിയോകളും ഒക്കെ ഉണ്ടാക്കി വാകിസ്‌നേഷന്റെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ ഉല്‍ബുദ്ധരാക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Top