മുംബൈ സ്‌ഫോടനക്കേസിലും കലാപകേസിലും വിവേചനം കാണിക്കുന്നു: ജസ്റ്റിസ് ശ്രീകൃഷ്ണ

ന്യൂഡല്‍ഹി: മുംബൈ സ്‌ഫോടനക്കേസിലും മുംബൈ കലാപക്കേസിലും ഭരണകൂടം വിവേചനം കാണിക്കുന്നുവെന്ന് ജസ്റ്റിസ് ബി.എന്‍.ശ്രീകൃഷ്ണ. മുംബൈ സ്‌ഫോടനക്കേസില്‍ യാക്കൂബ് മേമനെ തൂക്കിലേറ്റിയതിലൂടെ നിയമമനുസരിച്ചുള്ള നീതി നടപ്പായി. എന്നാല്‍ സ്‌ഫോടനങ്ങള്‍ക്ക് വഴിവെച്ച മുംബൈ കലാപക്കേസിനോട് ഭരണകൂടം വിവേചനം കാണിക്കുന്നുവെന്നും കലാപവും സ്‌ഫോടനവും അന്വേഷിച്ച ജസ്റ്റിസ് ബി.എന്‍ ശ്രീകൃഷ്ണ വ്യക്തമാക്കി.

1993 മാര്‍ച്ച് 12 ന് മുംബൈയിലുണ്ടായ സ്‌ഫോടന പരമ്പകളുടെയും അതിനു വഴിവെച്ച മുംബൈ കലാപത്തിന്റെയും നിയമനടപടികളുടെ കാര്യത്തില്‍ ഭരണകൂടം വ്യത്യസ്ത സമീപനങ്ങളാണ് സ്വീകരിക്കുന്നതെന്ന് ജസ്റ്റിസ് ബി.എന്‍ ശ്രീകൃഷ്ണ പറയുന്നു. ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് ഇമെയില്‍ വഴി നല്‍കിയ അഭിമുഖത്തിലാണ് ജസ്റ്റിസ് ശ്രീകൃഷ്ണ നിലപാട് വ്യക്തമാക്കുന്നത്.

1992 ഡിസംബര്‍ 6 മുതല്‍ 10 വരെയും 1993 ജനുവരി 6 മുതല്‍ 20 വരെയും മുംബൈ നഗരത്തിലുണ്ടായ കലാപത്തില്‍ 900 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. ഈ കലാപമാണ് സ്‌ഫോടനങ്ങളുടെ മുഖ്യകാരണങ്ങളിലെന്നെന്നാണ് ജസ്റ്റിസ് ശ്രീകൃഷ്ണ കമ്മീഷന്‍ കണ്ടെത്തിയിട്ടുള്ളത്. മുംബൈ സ്‌ഫോടനക്കേസില്‍ യാക്കൂബ് മേമനെ തൂക്കിലേറ്റിയതിലൂടെ നിയമമനുസരിച്ചുള്ള നീതി നടപ്പായതായി ജസ്റ്റിസ് ശ്രീകൃഷ്ണ പറയുന്നു.

വിവാദങ്ങള്‍ക്കും മുതലെടുപ്പുകള്‍ക്കും ഇതോടെ അവസാനമുണ്ടാകണം. എന്നാല്‍ കലാപകേസിലെ ഇരകള്‍ക്ക് നീതിയുറപ്പാക്കുന്ന കാര്യത്തില്‍ ഭരണകൂടം വിവേചനം കാണിക്കുന്നതായും ജസ്റ്റിസ് ശ്രീകൃഷ്ണ വ്യക്തമാക്കി. സ്‌ഫോടനക്കേസിലുണ്ടായതുപോലെയുള്ള നിയമനടപടികള്‍ കലാപക്കേസിലുമുണ്ടാകണം. രണ്ടുകേസുകളോടും ഒരോ സമീപനമാണ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുമുണ്ടാകേണ്ടതെന്നും ജസ്റ്റിസ് ശ്രീകൃഷ്ണ പറഞ്ഞു.

Top