മുംബൈ വിമാനത്താവളത്തിലെ ഭിത്തിയില്‍ വീണ്ടും തീവ്രവാദ ഭീഷണി സന്ദേശം

മുംബൈ: മുംബൈ വിമാനത്താവളത്തിലെ വാഷ്‌റൂമിന്റെ ഭിത്തിയില്‍ വീണ്ടും തീവ്രവാദ ഭീഷണി സന്ദേശം. എയര്‍പോര്‍ട്ട് ടെര്‍മിനലിന്റെ 1 എയുടെ വാഷ്‌റൂമിലാണ് ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഭീഷണി പ്രത്യക്ഷപ്പെട്ടത്. റിപ്പബ്ലിക്ക് ദിനത്തില്‍ ഐ.എസ് ഭീകരാക്രമണം നടത്തുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

എയര്‍പോര്‍ട്ടിലെ ശുചീകരണ തൊഴിലാളിയാണ് വാഷ്‌റൂമിന്റെ ഭിത്തിയില്‍ തീവ്രവാദ ഭീഷണി ആദ്യം കണ്ടത്. ഇതേ കുറിച്ച് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് അന്വേഷണം ആരംഭിച്ചു.

പുരുഷന്‍മാരുടെ വാഷ്‌റൂമിന്റെ ഭിത്തിയിലാണ് പേന കൊണ്ട് എഴുതിയ നിലയില്‍ കണ്ടത്. വിദഗ്ധരുടെ സഹയത്താല്‍ കൈയക്ഷരം ആരുടേതാണെന്നറിയാനുള്ള ശ്രമത്തിലാണ്. വാഷ്‌റൂമിന് സമീപത്തെ സിസി ടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. ഗുജറാത്തിലെ പോര്‍ബന്ധറിന് സമീപം പാക്കിസ്ഥാന്‍ ബോട്ട്‌ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് രാജ്യം മുഴുവന്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

ജനുവരി ഏഴാം തിയതിയും ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തിന്റെ ടെര്‍മിനലിലും ഇസ്ലാമിക് സ്റ്റേറ്റിന്റെ തീവ്രവാദ ഭീഷണി പ്രത്യക്ഷപ്പെട്ടിരുന്നു. ജനുവരി പത്തിന് ആക്രമണം നടത്തുമെന്നായിരുന്നു അന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നത്.

തുടര്‍ച്ചയായി വിമാനത്തവാളങ്ങളില്‍ തീവ്രവാദ ഭീഷണി സന്ദേശങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് രാജ്യത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്.

Top