മുംബൈ ഭീകരാക്രമണം ഒഴിവാക്കാമായിരുന്ന ദുരന്തം; സുരക്ഷാ വിഭാഗം പരാജയപ്പെട്ടു

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണം ഇന്ത്യയ്ക്ക് തടയാന്‍ കഴിയുമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ന്യൂയോര്‍ക്ക് ടൈംസ് ആണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഇന്ത്യയുടെയും അമേരിക്കയുടെയും ബ്രിട്ടന്റെയും രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് പറ്റിയ വീഴ്ച്ചയാണ് മുംബൈ ആക്രമണം തടയാനാകാതിരുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അല്‍പ്പം ശ്രദ്ധിച്ചിരുന്നെങ്കില്‍ ഭീകരാക്രമണം തടയാനാകുമായിരുന്നു. ഇക്കാര്യത്തില്‍ രഹസ്യാന്വേഷണ വിഭാഗം വന്‍ പരാജയമായിരുന്നു. ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു. പാക് -അമേരിക്കന്‍ ബന്ധമുള്ള തീവ്രവാദി ഡേവിഡ് ഹെഡ്‌ലി, അല്‍ഖാഇദ ബന്ധമുള്ള പാക് സൈന്യത്തിലെ റിട്ട.മേജര്‍ ഇല്യാസ് കാശ്മീരി, ഇന്ത്യന്‍ പൗരന്മാരായ അബൂ ജന്ദല്‍, ജബീഉല്ല, ഫഹീം അന്‍സാരി എന്നിവര്‍ ചേര്‍ന്നാണ് മുംബൈ ആക്രമണം നടത്തിയത്.

മുംബൈ ഭീകരാക്രമണം ഇന്ത്യയ്ക്ക് തടയാന്‍ കഴിയുമായിരുന്നുവെന്നു പാകിസ്താന്‍ ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്കും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുംബൈ ആക്രമണം തടയുന്നതില്‍ ഇന്ത്യയുടെ സുരക്ഷാ ഏജന്‍സികള്‍ പരാജയപ്പെട്ടതായി, ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ന്യൂദല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് റഹ്മാന്‍ മാലിക് ആരോപിച്ചത്. ‘ഇരു രാഷ്ട്രങ്ങളും തമ്മില്‍ വിവരങ്ങള്‍ കൈമാറുന്നതിന് സ്ഥിരസംവിധാനമുണ്ടായിരുന്നെങ്കില്‍ മുംബൈ കൂട്ടക്കൊല തടയാന്‍ കഴിയുമായിരുന്നു.
ഭീകരാക്രമണം ഭരണകൂടത്തിന്റെ കാര്‍മികത്വത്തില്‍ നടന്ന നാടകമോ ഗൂഢാലോചനയോ അല്ല. സര്‍ക്കാറിന് പുറത്തുള്ള ചിലരുടെ ചെയ്തിയായിരുന്നു. ഇരു രാജ്യങ്ങളുടെയും ഏജന്‍സികള്‍ പരാജയപ്പെട്ടപ്പോള്‍ നമ്മള്‍ പരാജയപ്പെട്ടു. കാര്യങ്ങള്‍ കൈവിട്ടുപോവാതിരിക്കാന്‍ വിവരങ്ങള്‍ പരസ്പരം കൈമാറാന്‍ ഇന്ത്യ തയാറാവണമെന്നും’ മാലിക് കൂട്ടിച്ചേര്‍ത്തു.

Top