ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്തത് പാക്കിസ്ഥാനിലെന്ന് വെളിപ്പെടുത്തല്‍. പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എഫ്.ഐ.എ)യുടെ മുന്‍ മേധാവി താരിഖ് ഖോസയുടേതാണ് വെളിപ്പെടുത്തല്‍. മുംബൈ ആക്രമണത്തെക്കുറിച്ച് പാകിസ്താന് നടത്തിയ അന്വേഷണത്തിന് നേതൃത്വം നല്‍കിയത് താരിഖ് ഖോസയായിരുന്നു.
അജ്മല്‍ കസബ് പാകിസ്താന് പൗരനാണെന്നും കസബിന്റെ തീവ്രവാദ ബന്ധം പാകിസ്താന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നുവെന്നും സിന്ധ് പ്രവിശ്യയിലെ തട്ടയിലാണ് കസബടക്കം എല്ലാവരും പരിശീലനം നേടിയതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.
ഡോണ്‍ പത്രത്തിലെഴുതിയ ലേഖനത്തിലാണ് ഖോസ മുംബൈ ആക്രമണത്തെക്കുറിച്ചുള്ള ഇന്ത്യയുടെ കണ്ടെത്തലുകളെ ശരിവെക്കുന്നത്.
‘കറാച്ചിയില്‍ നിന്നാണ് ഭീകരര്‍ക്ക് വി.ഒ.ഐ.പി വഴി നിര്‍ദ്ദേശം നല്‍കിയത്. ഈ സ്ഥലവും വസ്തുക്കളും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഭീകരരുടെ നേതാക്കളേയും സാമ്പത്തിക സഹായം നല്കിയവരേയും പാകിസ്താന് അറസ്റ്റ് ചെയ്തിരുന്നു.’ ഖോസെ തന്റെ ലേഖനത്തില്‍ പറയുന്നു. പാകിസ്താന് തെറ്റ് അംഗീകരിക്കുകയും സത്യം മനസിലാക്കുകയും വേണമെന്നും അദ്ദേഹം ലേഖനത്തില്‍ ആവശ്യപ്പെടുന്നു.