മുംബൈ ട്രെയിന്‍ സ്‌ഫോടനം നടത്തിയത് ഇന്ത്യന്‍ മുജാഹിദീനെന്ന് വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: 2006ല്‍ 209 പേര്‍ കൊല്ലപ്പെടാനിടയായ മുംബൈ ട്രെയിന്‍ സ്‌ഫോടനം നടത്തിയത് ഇന്ത്യന്‍ മുജാഹിദീനെന്ന് വെളിപ്പെടുത്തല്‍. ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖകന്‍ പ്രവീണ്‍ സ്വാമിയാണ് പൊലീസിന്റെ രഹസ്യ രേഖകള്‍ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കേസില്‍ സിമിയുമായി ബന്ധമുള്ള അഞ്ച് പ്രതികള്‍ക്ക് വധശിക്ഷയും ഏഴ് പേര്‍ക്ക് ജീവപര്യന്തം ശിക്ഷയും വിധിക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഈ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

പൊലീസ് പിടികൂടിയ ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരവാദി സാദിഖ് അല്‍ ശൈഖ് ഇക്കാര്യം വെളിപ്പെടുത്തുന്ന വീഡിയോയും റിപ്പോര്‍ട്ടിനൊപ്പമുണ്ട്. മുംബൈ സ്‌ഫോടന കേസില്‍ ശിക്ഷിക്കപ്പെട്ടത് യഥാര്‍ത്ഥ പ്രതികളാണോ എന്ന ചോദ്യമാണ് റിപ്പോര്‍ട്ട് ഉയര്‍ത്തുന്നത്.

മൂന്ന് സംസ്ഥാനങ്ങളിലെ പൊലീസ് നടത്തിയ ചോദ്യം ചെയ്യലുകളിലും സാദിഖ് അല്‍ ശൈഖ് ഇക്കാര്യം വെളിപ്പെടുത്തിയതായി രഹസ്യ രേഖകള്‍ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുജറാത്ത്, മുംബൈ, ഡല്‍ഹി പൊലീസാണ് ഇയാളെ ചോദ്യം ചെയ്തത്.

സംഭവത്തില്‍ ഇന്ത്യന്‍ മുജാഹിദീനുള്ള പങ്കിനെ കുറിച്ച് ആന്ധ്രാ പൊലീസ് പിന്നീട് പുറത്തുവിട്ട രഹസ്യരേഖകളും റിപ്പോര്‍ട്ടില്‍ ഉദ്ധരിക്കുന്നുണ്ട്. 2009 സെപ്തംബര്‍ 18ന് ഗുജറാത്ത് പൊലീസ് പകര്‍ത്തിയ ചോദ്യം ചെയ്യലിന്റെ വീഡിയോയാണ് എക്‌സ്പ്രസ് പുറത്തുവിട്ടത്.

ഇതാണ് ആ വീഡിയോ:

Video Courtesy: Indian Express
സാദിഖ് ശൈഖ് പറയുന്നത്
2008ല്‍ ബട്ല ഹൌസില്‍ കൊല്ലപ്പെട്ട ആതിഫ് അമീന്‍, ഇസ്ലാമിക് സ്റ്റേറ്റിനോടൊപ്പമുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ക്കിടെ ഈയിടെ കൊല്ലപ്പെട്ടു എന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മുഹമ്മദ് ബഡാ സാജിദ്, ഒളിവില്‍ കഴിയുന്ന ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരരായ ഷാനവാസ് ഹുസൈന്‍, അബു റാഷിദ് അഹമ്മദ് എന്നിവരോടൊപ്പം താനാണ് മുംബൈയില്‍ ബോംബുകള്‍ വെച്ചതെന്നാണ് വീഡിയോയയില്‍ സാദിഖ് അല്‍ ശൈഖ് വെളിപ്പെടുത്തുന്നത്. തനിക്ക് പാക്കിസ്താനില്‍ ലഭിച്ച പരിശീലനത്തെക്കുറിച്ചും വാരാണസിയിലും ഡല്‍ഹിയിലും നടന്ന സ്ഫോടനങ്ങളില്‍ തനിക്കുള്ള പങ്കിനെ കുറിച്ചും വീഡിയോയില്‍ ശൈഖ് വ്യക്തമാക്കുന്നുണ്ട്.

വധിക്കപ്പെട്ട ഇന്ത്യന്‍ മുജാഹിദീന്‍ നേതാവ് ആതിഫ് അമീനുമായി അസം ഗഢിലെ സരായിമീറില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് മുംബൈയില്‍ സ്ഫോടന പരമ്പര നടത്താനുള്ള ചര്‍ച്ചകളുടെ തുടക്കമെന്നാണ് സാദിഖ് ശൈഖ് പറയുന്നത്. മുംബൈയിലെ ലോക്കല്‍ ട്രെയിനുകളിലെ ഒന്നാം ക്ലാസ് കമ്പാര്‍ട്ട്മെന്റുകളില്‍ സ്ഫോടനം നടത്താനായിരുന്നു പരിപാടി. ഗുജാറാത്തി ബിസിനസുകാര്‍ കൂടുതലായി സഞ്ചരിക്കുന്നത് ഇത്തരം കമ്പാര്‍ട്ട്മെന്റുകളിലാണെന്നും ഇതുവഴി ഗുജറാത്ത് കലാപത്തിന് പകരം വീട്ടാമെന്നുമായിരുന്നു പദ്ധതിയന്നും സാദിഖ് പറഞ്ഞതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

റിപ്പോര്‍ട്ടില്‍ പറയുന്നത്: മുംബൈയിലെ സെവരി മേഖലയിലെ ഡെക്കാന്‍ കോ ഓപറേറ്റീവ് സൊസൈറ്റിയുടെ അപ്പാര്‍ട്മെന്റ് കേന്ദ്രീകരിച്ചായിരുന്നു ബോംബുകള്‍ നിര്‍മിച്ചത്. ഈ അപ്പാര്‍ട്മെന്റ് ഏര്‍പ്പാടാക്കിയത് പിന്നീട് ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നുവെന്നു കരുതുന്ന, മുംബൈ സ്വദേശി അബു റാഷിദ് അഹമ്മദ് ആയിരുന്നു പാക്കിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ മുജാഹിദീന്‍ നേതാവ് ആമിര്‍ റാസയാണ് റിയാസ് ബട്കല്‍ വഴി ബോംബുകള്‍ ലഭ്യമാക്കിയത്. മംഗലാപുരത്ത് റിയാസ് ഭട്കല്‍ ഇതിനുള്ള ഒരുക്കങ്ങള്‍ നടത്തി. ആതിഫ് മംഗലാപുരത്ത് പോയി 3537 കിലോ സ്ഫോടക വസ്തുക്കള്‍ കൈപ്പറ്റി. അപ്പാര്‍ട്മെന്റില്‍ താമസിച്ചാണ് തങ്ങള്‍ ബോംബുകള്‍ ഉണ്ടാക്കിയത്. ലോക്കല്‍ ട്രെയിനുകളുടെ ടൈം ടേബിള്‍ കൈവശമുണ്ടായിരുന്നു. ബാഗുകളും കുക്കറുകളും വാങ്ങി. ഏഴ് കുക്കറുകളിലായാണ് ബോംബുകള്‍ തയ്യാറാക്കിയിരുന്നത്.

2006 ജുലൈ 11ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ തങ്ങള്‍ അപ്പാര്‍ട്മെന്റ് വിട്ടു. നാലര മണിക്കൂറിനുള്ളില്‍ പൊട്ടുന്ന വിധത്തിലായിരുന്നു ബോംബുകള്‍ സെറ്റ് ചെയ്തിരുന്നത്. ട്രെയിനുകളില്‍ ആളുകള്‍ തിങ്ങി നിറഞ്ഞപ്പോള്‍ ബോംബ് വെച്ചശേഷം എല്ലാവരും ഇറങ്ങി.

നിരവധി നഗരങ്ങളില്‍ ഇന്ത്യന്‍ മുജാഹിദീന്‍ നടത്തിയ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് 2008ലാണ് സാദിഖ് അല്‍ ശൈഖ് അറസ്റ്റിലായത്. കര്‍ണാടകയില്‍നിന്ന് മുംബൈയിലേക്ക് സ്ഫോടക വസ്തുക്കള്‍ ബോട്ടില്‍ എത്തിച്ചു എന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരന്‍ മുഹമ്മദ് യാസീന്‍ സിദ്ധി ബാപയാണ് സാദിഖ് ശൈഖിന്റെ പങ്കിനെ കുറിച്ച് സൂചനകള്‍ നല്‍കിയിരുന്നത്. തുടര്‍ന്ന് മുംബൈ പൊലീസിലെ അന്വേഷകര്‍ സാദിഖ് ശൈഖിനെ ചോദ്യം ചെയ്തു.

കേസില്‍ പിടിയിലായ സിമി പ്രവര്‍ത്തകരെ കുറ്റമുക്തരാക്കാന്‍ വേണ്ടി ഇയാള്‍ മനപൂര്‍വ്വം കെട്ടിച്ചമച്ചതാണ് മൊഴിയെന്നായിരുന്നു മുംബൈ പൊലീസിന്റെ വിലയിരുത്തല്‍. തുടര്‍ന്ന്, ശൈഖിനെ പ്രേസിക്യൂഷന്‍ സാക്ഷിയാക്കി മാറ്റി. പിന്നീട് ഇയാള്‍ മുന്‍ മൊഴി പിന്‍വലിച്ചു. ഇതിനു ശേഷം ഇയാളെ മാപ്പുസാക്ഷിയാക്കി പ്രഖ്യാപിച്ചു.

എന്നാല്‍, എന്തിനാണ് സാജിദ് സ്വയം കുരുക്കിലാവുന്ന വെളിപ്പെടുത്തല്‍ നടത്തിയത് എന്നതിന് വ്യക്തമായ ഉത്തരം നല്‍കാന്‍ മുംബൈ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

Courtesy: Indian Express

Top