മുംബൈ ഇന്ത്യന്‍സിന് അദ്യ ജയം

മുംബൈ: കൂറ്റനടികള്‍ കണ്ട മത്സരത്തില്‍ അവസാനം വിജയം മുംബൈ ഇന്ത്യന്‍സിന്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ 18 റണ്‍സിനാണ് അവരുടെ വിജയം. സീസണില്‍ അവര്‍ കളിച്ച അഞ്ച് മത്സരങ്ങളിലെ ആദ്യ ജയം കൂടിയാണിത്. സ്‌കോര്‍: മുംബൈ ഇന്ത്യന്‍സ് 209/7 (20), റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 191/7 (20).
ആദ്യം ബാറ്റ് ചെയ്ത് കൂറ്റന്‍ സ്‌കോര്‍ നേടിയ മുംബൈയ്‌ക്കെതിരെ മറുപടി ബാറ്റിങ്ങില്‍ മോശം തുടക്കമാണ് ബാംഗ്ലൂരിനുണ്ടായിരുന്നത്. എന്നാല്‍ എ.ബി. ഡിവില്ലേഴ്‌സിന്റെ (11 പന്തില്‍ 41) വെടിക്കെട്ട് അവര്‍ക്ക് വീണ്ടും പ്രതീക്ഷ നല്‍കി. എന്നാല്‍ ഡിവില്ലേഴ്‌സിനെ മടക്കി മുംബൈ മത്സരത്തിലേക്ക് തിരിച്ചു വന്നെങ്കിലും വൈസ(25 പന്തില്‍ 47)യുടെ ഇന്നിംഗ്‌സ് ജയ സാധ്യത പകുത്തു. എന്നാല്‍ ഈ പോരാട്ടം ബാംഗ്ലൂരിന്റെ തോല്‍വി ഭാരം കുറയ്ക്കാനേ ഉപകരിച്ചുള്ളൂ. ക്രിസ് ഗെയ്ല്‍(10) ക്യാപ്റ്റന്‍ വിരാട് കോഹ്ലി(18), കാര്‍ത്തിക്(18) എന്നിവര്‍ക്ക് മികച്ചൊരു സ്‌കോര്‍ കണ്ടെത്താനാവാതെ പോയതാണ് ബാംഗ്ലൂരിന്റെ തോല്‍വിക്ക് കാരണം.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന മുംബൈയ്ക് ഓപ്പണര്‍ ലെന്‍ഡര്‍ സിമണ്‍സ്(44 പന്തില്‍ 59), ഉന്‍മുക്ത് ചന്ദ്( 37 പന്തില്‍ 58), ക്യാപ്റ്റന്‍ രോഹിത് ശര്‍മ(15 പന്തില്‍ 42) എന്നിവരുടെ ബാറ്റിങ്ങാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

Top