മിനാ ദുരന്തം: മരിച്ചവരുടെ എണ്ണം 769 ആയി; എട്ട് മലയാളികളും

മക്ക: മിനാ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 769 ആയി. ഒന്നര വയസ്സുള്ള കുഞ്ഞ് അടക്കം ആറു മലയാളികളെക്കൂടി തിരിച്ചറിഞ്ഞു. ഇതോടെ എട്ടു മലയാളികളടക്കം 29 ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിച്ചു. അപകടത്തില്‍ മൊത്തം 934 പേര്‍ക്കാണു പരുക്കേറ്റതെന്നും സൗദി ആരോഗ്യമന്ത്രി ഖാലിദ് അല്‍ ഫലീഹ് അറിയിച്ചു.

കാണാതായ നിരവധി മലയാളി തീര്‍ത്ഥാടകര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണ്. കൂടുതല്‍ ഇന്ത്യക്കാര്‍ അപകടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് ഹജ്ജ് മിഷന്റെ വിലയിരുത്തല്‍.

പൊന്നാനി ഉറൂബ് നഗര്‍ പുതുവീട്ടില്‍ കുഞ്ഞുമോന്‍ (55), അബ്ദുല്‍ റഹ്മാന്‍ ആശാരിത്തൊടി, കൊല്ലം ചിതറ പേഴുംമൂട് മണ്ണറക്കോട് ജമാഅത്തിനു സമീപം ഷിബില്‍ മന്‍സിലില്‍ അബ്ദുല്‍കലാമിന്റെ മകന്‍ സുല്‍ഫിക്കര്‍ (33), പുനലൂര്‍ ചെമ്മന്തൂര്‍ സലീനാ മന്‍സിലില്‍ പരേതനായ കെ.എം. ഹബീബിന്റെ മകന്‍ സജീവ് ഹബീബ് (46), കരുനാഗപ്പള്ളി കോഴിക്കോട് കോയിക്കല്‍ ഉപ്പൂട്ടിക്കടയില്‍ മുഹമ്മദ് ഷാഫിയുടെ ഭാര്യ ആമിന, കോഴിക്കോട് ഫറോക്ക് കല്ലംപാറ കുളങ്ങര വീട്ടില്‍ അബ്ദുല്‍ മുനീറിന്റെ മകന്‍ മുഹമ്മദ് ഫായിസ് (ഒന്നര) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ തിരിച്ചറിഞ്ഞത്.

Top