മിഠായിത്തെരുവ് തീപിടുത്തം: അട്ടിമറിയില്ലെന്ന് റിപ്പോര്‍ട്ട്; അതൃപ്തി അറയിച്ച് വ്യാപാരികള്‍

കോഴിക്കോട്: മിഠായിത്തെരുവ് തീപിടുത്തത്തിന് പിന്നില്‍ അട്ടിമറിയാണെന്ന് സംശയിക്കുന്നതായി വ്യാപാര വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി.നാസറുദ്ദീന്‍.

മിഠായിത്തെരുവ് തീപ്പിടുത്തത്തിന് പിന്നില്‍ അട്ടിമറിയില്ലെന്ന് കാണിച്ചുള്ള റിപ്പോര്‍ട്ട് സബ് കളക്ടര്‍ സര്‍ക്കാരിന് കൈമാറി. ഇതിന് പിന്നാലെയാണ് വ്യാപാരികള്‍ രംഗത്തെത്തിയത്. സംഭവ സ്ഥലം സന്ദര്‍ശിക്കാതെയാണ് സബ് കളക്ടര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് വ്യാപാരികള്‍ ആരോപിച്ചു.

കടയ്ക്കുള്ളിലെ ഇന്‍വര്‍ട്ടര്‍ ചൂടായി തീപടര്‍ന്നതാകാനാണ് സാധ്യതയെന്നാണ് സബ് കളക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. കടകള്‍ കത്തിച്ചതാണെന്ന നിഗമനത്തിലെത്താന്‍ തക്കതായ കാരണങ്ങള്‍ ഒന്നുമില്ല. കടകള്‍ കത്തിച്ചത് കൊണ്ട് ആര്‍ക്കെങ്കിലും പ്രയോജനമുള്ളതായി കാണുന്നില്ല. കത്തിച്ചതാണെന്ന വാദം ശരിവയ്ക്കാന്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മുമ്പ് തീപ്പിടുത്തമുണ്ടായപ്പോള്‍ പ്രതിരോധ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തന്‍ എടുത്ത തീരുമാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല. കാലഹരണപ്പെട്ട വൈദ്യുതീകരണം തീ ആളിപടരുന്നതിന് ആക്കം കൂട്ടി. മിഠായിത്തെരുവിലെ അനധികൃത നിര്‍മ്മാണങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായെന്നും ഫയര്‍ ഹൈഡ്രന്റില്‍ വെള്ളമില്ലാതിരുന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Top