മികച്ച ബ്രോഡ്ബാന്‍ഡ് സേവനം;അമേരിക്ക് ഒന്നാമത്, ഇന്ത്യ 24-ാമത്

ലോക രാജ്യങ്ങളില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റിന്റെ മികച്ച സേവനം ലഭ്യമാക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ ഇരുപത്തിനാലാം സ്ഥാനത്ത്. ഒന്നാം സ്ഥാനത്ത് അമേരിക്കയാണ് ഉളളത്.

ഒവം ടെക്‌നോളജിസ് എന്ന ഗവേഷണ സ്ഥാപനമാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. 30 രാജ്യങ്ങളില്‍ സര്‍വേ നടത്തിയാണ് ഈ സ്ഥാപനം പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഭൂരിഭാഗവും യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് സ്വന്തമാണ്.

ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന വ്യക്തി പ്രതീക്ഷിക്കുന്ന കുറഞ്ഞ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് വേഗത 10 എംബിപിഎസ് ആണെന്ന് പഠനം വ്യക്തമാക്കുന്നു. അമേരിക്കയില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റിന്റെ വേഗത കുറഞ്ഞത് 25 എംബിപിഎസ് വേണമെന്നാണ് ഇന്റര്‍നെറ്റിനെ സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ നയപരമായ തീരുമാനങ്ങള്‍ എടുക്കുന്ന ഫെഡറല്‍ കമ്യൂണിക്കേഷന്‍ കമ്മിഷന്‍ നിഷ്‌ക്കര്‍ഷിക്കുന്നത്.

എന്നാല്‍ ഇന്ത്യയുടെ ടെലികോം റെഗുലേറ്ററി അതോററ്റി കുറഞ്ഞ ബ്രോഡ്ബാന്‍ഡ് വേഗതയായി നിര്‍ദേശിക്കുന്നത് 512 കെബിപിഎസ് മാത്രമാണ്.

വേഗതയേറിയ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന വ്യക്തി മൂന്ന് സെക്കന്‍ഡിനുളളില്‍ തനിക്ക് ആവശ്യമായ വിവരം ഇന്റര്‍നെറ്റില്‍ നിന്ന് ലഭിക്കണമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

30 രാജ്യങ്ങളിലും സര്‍ക്കാര്‍ തലത്തില്‍ ഇന്റര്‍നെറ്റിനെക്കുറിച്ച് നയപരമായ തീരുമാനങ്ങള്‍ എടുക്കുന്ന ഏജന്‍സികള്‍ക്ക് ബ്രോഡ്ബാന്‍ഡിനെ സംബന്ധിച്ച് വ്യത്യസ്തമായ നിര്‍വചനങ്ങളാണ് ഉളളതെന്ന് പഠനം വ്യക്തമാക്കുന്നു.

Top