പി.സി ജോര്‍ജ്ജിന്റെ മാവോയിസ്റ്റ് അനുകൂല നിലപാടില്‍ പൊലീസില്‍ പ്രതിഷേധം ശക്തം

തിരുവനന്തപുരം: മാവോയിസ്റ്റുകള്‍ക്ക് അനുകൂലമായി പരസ്യമായി രംഗത്ത് വന്ന ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി ജോര്‍ജ്ജിന്റെ നടപടിയില്‍ പൊലീസ് സേനയിലും പ്രതിഷേധം. ജോര്‍ജ്ജിന്റെ പ്രസ്താവനയ്‌ക്കെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ശക്തമായി രംഗത്ത് വന്നിട്ടുണ്ടെങ്കിലും പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രതിഷേധം ശമിച്ചിട്ടില്ല. ‘ എന്ത് തണ്ടര്‍ ബോള്‍ട്ടാണ് സംസ്ഥാനത്തുള്ളത്. ഇങ്ങോട്ട് വെടി വച്ചിട്ടും ഒരാളെ പോലും തിരിച്ച് വെടിവയ്ക്കാന്‍ കഴിഞ്ഞില്ലല്ലോ’എന്നുള്ള ഗവണ്‍മെന്റ് ചീഫ് വിപ്പിന്റെ പ്രതികരണമാണ് പ്രധാനമായും ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചത്.

സംസ്ഥാനത്തെ മാവോയിസ്റ്റുകളെ നേരിടാന്‍ തണ്ടര്‍ ബോള്‍ട്ട് സേനയെയും അത്യാധുനിക ആയുധങ്ങളേയും ഉപയോഗപ്പെടുത്തുന്ന ആഭ്യന്തര വകുപ്പിന്റെ മാവോയിസ്റ്റ് വേട്ടയെ ഗവണ്‍മെന്റ് ചീഫ് വിപ്പ് തന്നെ തള്ളിപ്പറഞ്ഞത് സേനയുടെ മനോവീര്യം കെടുത്തുന്നതിന് തുല്യമാണെന്നാണ് ഉദ്യോഗസ്ഥ വാദം.

ആദിവാസി അനുകൂല, ബ്ലേഡ് വിരുദ്ധ നിലപാടാണ് മാവോയിസ്റ്റുകള്‍ക്കുള്ളതെന്ന് പറഞ്ഞ് മാവോയിസ്റ്റുകള്‍ക്ക് ഗുഡ് സെര്‍ട്ടിഫിക്കറ്റ് നല്‍കിയ പി.സി ജോര്‍ജ്ജിന്റെ നിലപാട് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും നിയമവാഴ്ചയ്ക്കും എതിരാണെന്ന അഭിപ്രായവും ശക്തമാണ്. വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുമായി ഏറെ അടുത്ത ബന്ധമുള്ള പി.സി ജോര്‍ജ്ജ് ഇത്തരത്തില്‍ അഭിപ്രായ പ്രകടനം നടത്തിയത് യുഡിഎഫ് നേതാക്കളേയും ഞെട്ടിച്ചിട്ടുണ്ട്.

ആശയപരമായാണ് മാവോയിസ്റ്റുകളെ നേരിടേണ്ടതെന്നും അല്ലാതെ കോടികള്‍ മുടക്കി ആയുധം ശേഖരിച്ചല്ലെന്നും വ്യക്തമാക്കിയ പി.സി ജോര്‍ജ്ജ് മാവോയിസ്റ്റുകള്‍ കാരണമാണ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടതെന്ന് പറഞ്ഞത് വനം – റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരിലും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

മാവോയിസ്റ്റുകളുടെ ആവശ്യങ്ങളെ എതിര്‍ക്കാന്‍ പറ്റില്ലെന്ന നിലപാട് കൂടി പി.സി ജോര്‍ജ്ജ് സ്വീകരിച്ചത് എന്ത് അടിസ്ഥാത്തിലാണെന്നാണ് ഉദ്യോഗസ്ഥരുടെ ചോദ്യം.

ആദ്യം ഉപദേശിക്കേണ്ടത് മാവോയിസ്റ്റുകളെയാണെന്ന് വ്യക്തമാക്കി പി.സി ജോര്‍ജ്ജിന് മറുപടി കൊടുത്ത ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മാവോയിസ്റ്റുകള്‍ അക്രമം നിര്‍ത്തിയാല്‍ മാവോയിസ്റ്റ് വേട്ടയും അവസാനിപ്പിക്കുമെന്ന് വ്യക്തമാക്കി.

ആഭ്യന്തര വകുപ്പിനെ പ്രതിക്കൂട്ടിലാക്കിയ പി.സി ജോര്‍ജ്ജിന്റെ പ്രസ്താവനയോട് മിതത്വം പാലിച്ചായിരുന്നു ചെന്നിത്തലയുടെ മറുപടിയെന്നതും ശ്രദ്ധേയമാണ്.

മാവോയിസ്റ്റ് വേട്ടയ്ക്കായി പ്രത്യേക സംവിധാനമൊരുക്കി മുന്നോട്ട് നീങ്ങുന്ന ആഭ്യന്തര വകുപ്പിന് പി.സി ജോര്‍ജ്ജിന്റെ നിലപാടായിരിക്കും മാവോയിസ്റ്റ് ഭീഷണിയേക്കാള്‍ വരും ദിവസങ്ങളില്‍ ഇനി പ്രതിരോധിക്കേണ്ടി വരിക.

Top