മാവോയിസ്റ്റ്‌ ഭീഷണി; മന്ത്രി ആര്യാടനും പി.കെ ജയലക്ഷ്മിക്കും പ്രത്യേക സുരക്ഷ

തിരുവനന്തപുരം: സംസ്ഥാനത്ത് മാവോയിസ്റ്റ് സാന്നിദ്ധ്യം ശക്തമായ സാഹചര്യത്തില്‍ ഫോറസ്റ്റ് ഏരിയകളില്‍ താമസിക്കുന്ന മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്താന്‍ നീക്കം. ഇന്റലിജന്‍സ് വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര വകുപ്പ് ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നാണ് സൂചന.

നിലവില്‍ വയനാട് സ്വദേശിയായ മന്ത്രി പി.കെ ജയലക്ഷ്മി നിലമ്പൂര്‍ സ്വദേശിയായ ആര്യാടന്‍ മുഹമ്മദ് വയനാട്,ഇടുക്കി കളക്ടര്‍മാര്‍ എന്നിവര്‍ക്കാണ് സുരക്ഷ വര്‍ധിപ്പിക്കാനൊരുങ്ങുന്നത്. ഇതിനുപുറമെ മലയോര മേഖലകളില്‍ പര്യടനം നടത്തുന്ന മറ്റ് മന്ത്രിമാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക സുരക്ഷ നല്‍കും.

ഉത്തരേന്ത്യന്‍ ശൈലിയില്‍ മന്ത്രിമാരേയും ഉദ്യോഗസ്ഥരേയും തട്ടിക്കൊണ്ട് പോയി വിലപേശുന്ന മാവോയിസ്റ്റ് ശൈലി സംസ്ഥാനത്ത് ആവര്‍ത്തിക്കാതിരിക്കാനാണ് ജാഗ്രത നടപടി. മാവോയിസ്റ്റുകള്‍ക്കായി കാടുകളില്‍ ശക്തമായ തിരച്ചില്‍ തുടരുമ്പോള്‍ തന്നെ നഗരങ്ങളിലും ഗ്രാമങ്ങളിലും ശക്തമായ നിരീക്ഷണം വേണമെന്ന് ഇന്റലിജന്‍സ് വിഭാഗം മുൂന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് പത്ത് ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ട മാവോയിസ്റ്റുകള്‍ ഇനി ഏഴ് ആക്രമണങ്ങള്‍ കൂടി നടത്തുമെന്നാണ് ഇന്റലിജന്‍സിന് ലഭിച്ച വിവരം. ഇതില്‍ നഗരങ്ങളിലെ തന്ത്രപ്രധാനമായ സ്ഥലങ്ങള്‍ അടക്കം ഉള്‍പെടന്നുണ്ട്. മാവോയിസ്റ്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് രണ്ട് യുവാക്കള്‍ പിടിയിലായതിനാല്‍ മാവോയിസ്റ്റുകളുടെ അടുത്ത നീക്കം കരുതലോടെ ആയിരിക്കുമെന്ന നിഗമനത്തിലാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍.

ഇനിയൊരു ആക്രമണം ഉണ്ടായാല്‍ ആഭ്യന്തര വകുപ്പ് പ്രതിക്കൂട്ടിലാകുമെന്ന് ഉറപ്പുള്ളതിനാല്‍ ഏത് വിധേനയും മാവോയിസ്റ്റ് ‘അജണ്ട’ തകര്‍ക്കാനുള്ള നീക്കത്തിലാണ് പൊലീസ് ഉന്നതര്‍. അതേസമയം തീവ്ര ഇടതുപക്ഷ നിലപാടുള്ളവരെ മാത്രം നിരീക്ഷിച്ച് മാവോയിസ്റ്റുകളെ കണ്ടെത്താന്‍ പറ്റുമോയെന്ന കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ തന്നെ ഭിന്നാഭിപ്രായവുമുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നടക്കം മാവോയിസ്റ്റുകള്‍ സംസ്ഥാനത്ത് നുഴഞ്ഞ് കയറിയിട്ടുള്ളതിനാല്‍ ഏത് തരത്തിലുള്ള പ്രതികരണമാണ് അവരുടെ ഭാഗത്ത് നിന്നുണ്ടാകുകയെന്ന കാര്യത്തിലാണ് ആഭ്യന്തര വകുപ്പിന്റെ ആശങ്ക.

പൊതുസമൂഹത്തിന്റെ പ്രീതിയും പിന്‍തുണയും ആര്‍ജിക്കാന്‍ പറ്റുന്ന വിഷയങ്ങളില്‍ ഇടപെട്ട് സാന്നിധ്യമറിയിക്കാനാണ് മാവോയിസ്റ്റുകളുടെ നീക്കമെന്ന് അവരുടെ ലഘുലേഖകളില്‍ നിന്നുതന്നെ വ്യക്തമായിട്ടുള്ളതും സര്‍ക്കാരിനെ സംബന്ധിച്ച് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
ആദിവാസികളുടെ നില്‍പ്പുസമരം അവസാനിപ്പിക്കാന്‍ ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയത് മാവോയിസ്റ്റ് ഇടപെടല്‍ ഭയന്നായതിനാല്‍ യഥാര്‍ത്ഥത്തില്‍ അതിന്റെ ‘ക്രെഡിറ്റും’ മാവോയിസ്റ്റുകള്‍ക്കാണ് വന്നു ചേരുന്നത്.

ഭരണകൂടത്തിന്റെ കണ്ണ് തുറപ്പിക്കാന്‍ ഇനിയും ഇടപെടല്‍ നടത്തുമെന്ന് പ്രഖ്യാപിച്ച മാവോയിസ്റ്റുകള്‍ ആഭ്യന്തര വകുപ്പിന്റെ അഭിമാനമായി നടത്തുന്ന ‘ഓപ്പറേഷന്‍ കുബേര’പൊളിച്ചടുക്കുമെന്ന് പ്രഖ്യാപിക്കാന്‍ പൊലീസുകാരന്റേയും ബ്ലേഡ് പലിശക്കാരന്റേയും സംഭാഷണം പുറത്ത് വിട്ടതും സേനക്ക് നാണക്കേടായിരുന്നു.

Top