കേരളത്തില്‍ റെഡ് അലെര്‍ട്ട്: മാവോയിസ്റ്റ് ആക്രമണത്തില്‍ നെഞ്ചിടിപ്പോടെ പൊലീസ്

കൊച്ചി: മുന്നറിയിപ്പു നല്‍കി ആക്രമണം നടത്തിയ മാവോയിസ്റ്റുകളുടെ ആക്ഷന്‍ ദിനങ്ങള്‍ ഇന്നും നാളെയും കൂടി. ആക്ഷന്‍ ദിനങ്ങളില്‍ ആദ്യ ദിവസം കൊച്ചിയിലെ ദേശീയ പാത അതോറിറ്റി ഓഫീസ് ആക്രമിച്ചു ശക്തികാട്ടിയ മാവോയിസ്റ്റുകളുടെ അടുത്ത ലക്ഷ്യങ്ങളെവിടെ എന്നറിയാതെ ഇരുട്ടില്‍ തപ്പുകയാണ് കേരള പൊലീസ്.

മാവോവാദികളുടെ സംഘടനയുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ജനുവരി 29, 30, 31 ദിവസങ്ങളാണ് ആക്ഷന്‍ ദിനങ്ങളായി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ദിവസങ്ങളില്‍ കേരളത്തില്‍ സായുധ ആക്രമണം നടത്തുമെന്ന് മാവോയിസറ്റുകള്‍ പ്രഖ്യാപിച്ചതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്റലിജന്‍സ് രഹസ്യറിപ്പോര്‍ട്ട് നല്‍കിയിരുന്നു. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്‌റ്റേഷനുകള്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കി തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോ സേനയെ വരെ വിന്യസിച്ചിട്ടും പൊലീസിനെ ഞെട്ടിച്ച് മാവോയിസ്റ്റുകള്‍ ആക്രമണം നടത്തുകയായിരുന്നു.

മൂന്ന് മാസമായി കേരളത്തില്‍ മാവോവാദി ആക്രമണങ്ങള്‍ തുടര്‍ച്ചയായി നടന്നിട്ടും മാവോയിസ്റ്റ് സംഘത്തിലെ പ്രധാനികളില്‍ ആരെയും പൊലീസിന് പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. എറണാകുളം പനമ്പിള്ളി നഗറിലെ നീറ്റാ ജലാറ്റിന്‍ ഓഫീസ് മാവോയിസ്റ്റുകള്‍ അടിച്ചു തകര്‍ത്തത് നവംബറിലാണ്. ചാലക്കുടി പുഴയിലെ മലിനീകരണത്തില്‍ പ്രതിഷേധിച്ചായിരുന്നു മാവോയിസ്റ്റുകളുടെ മിന്നല്‍ ആക്രമണം.

വയനാട്ടില്‍ രണ്ട് മാസത്തിനിടെ നാല് ആക്രമണമാണ് നടത്തിയത്. തിരുനെല്ലി കെടിഡിസി ഹോട്ടലിന് സമീപം പ്രവര്‍ത്തിക്കുന്ന അഗ്രഹാരം ഹോട്ടലിന് നേരെയായിരുന്നു ആദ്യ ആക്രമണം. പിന്നീട് ചാപ്പാ കോളനിയില്‍ മാവോയിസ്റ്റുകള്‍ വെടിവെയ്പ്പ് നടത്തിയതായി പൊലീസ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കുഞ്ഞോം ഫോറസ്റ്റ് ഓഫീസിന് നേരെയും പാലക്കാട് രണ്ടിടത്തും ഒരേ ദിവസം ആക്രമണം ഉണ്ടായി. ഇതിന് പിന്നാലെയാണ് തിരുനെല്ലിയില്‍ കെടിഡിസി റിസപ്ഷനും റസ്‌റ്റോറന്റും അടിച്ച് തകര്‍ത്തത്.

അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ അതേ ദിവസം കെടിഡിസി റസ്‌റ്റോറന്‍ിനു നേരെയുള്ള ആക്രമണം ഇന്റലിജന്‍സ് ഏജന്‍സികളെപോലും ഞെട്ടിച്ചിരുന്നു. ഇതിന്റെ നടുക്കം മാറും മുന്‍പാണ് കൊച്ചിയില്‍ ദേശീയപാതാ ഓഫീസ് ആക്രമിച്ച് മാവോയിസ്റ്റുകള്‍ കേരള പൊലീസിനെ നാണംകെടുത്തിയിരിക്കുന്നത്. വനമേഖലയിലും നഗരത്തിലും ഒരേ പോലെ ആക്രമണം നടത്തുന്ന മാവോയിസ്റ്റ് രീതിയാണ് പൊലീസിനെ ആശങ്കപ്പെടുത്തുന്നത്.

കേരളത്തില്‍ മാത്രം ആയിരത്തോളം പേര്‍ അണ്ടര്‍ഗ്രൗണ്ട് മാവോയിസ്റ്റ് കേഡര്‍മാരായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. വര്‍ഷങ്ങളായി ഒളിവില്‍ കഴിയുന്ന മാവോവാദി, നക്‌സല്‍ നേതാക്കള്‍ ആക്ഷന്‍ ദിനങ്ങളില്‍ കേരളത്തിലെത്തുമെന്നും വിവരമുണ്ട്. കഴിഞ്ഞവര്‍ഷം മാവോവാദി, നക്‌സല്‍ സംഘടനകള്‍ ലയിച്ചിരുന്നു. പത്ത് വര്‍ഷത്തിനിടെ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വേരുപടര്‍ത്താന്‍ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് മാവോവാദി സംഘടനകളുടെ വിലയിരുത്തല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

വ്യക്തമായ ഒളിസങ്കേതങ്ങളും പോരാടുന്ന അണികളെയും സജ്ജമാക്കിയതോടെ സായുധ ആക്രമണങ്ങളിലൂടെ സംഘടനാ പ്രവര്‍ത്തനം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനാണ് പത്താംവാര്‍ഷികത്തിലെ മാവോയിസ്റ്റുകളുടെ ശ്രമം.

Top