മാവോയിസ്റ്റുകളെ മനുഷ്യരായി കാണണം : തുറന്നടിച്ച് ആര്യാടന്‍ ഷൗക്കത്ത് രംഗത്ത്

കൊച്ചി: രൂപേഷ് അടക്കമുള്ള മാവോയിസ്റ്റുകളെ മനുഷ്യരായി കണ്ട് അവര്‍ക്ക് പൗരസ്വാതന്ത്ര്യവും നീതിയും ഉറപ്പുവരുത്തണമെന്ന് കോണ്‍ഗ്രസിന്റെ സാംസ്‌ക്കാരിക സംഘടനയായ സംസ്‌ക്കാര സാഹിതിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത്. ചൂഷണങ്ങള്‍ക്കെതിരെ നിലകൊള്ളുന്ന മാവോയിസ്റ്റുകളുടെ ആശയത്തെ എതിര്‍ക്കുന്നില്ലെന്നും എന്നാല്‍ അതിന്റെ ലക്ഷ്യപ്രപ്തിക്കായി നിരപരാധികളുടെ ജീവന്‍ ബലികൊടുത്തുള്ള സായുധപോരാട്ടത്തെയാണ് എതിര്‍ക്കുന്നതെന്നും കെ.പി.സി.സി അംഗംകൂടിയായ ഷൗക്കത്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

നിലമ്പൂരില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിനും മകനും നിലമ്പൂര്‍ നഗരസഭാ ചെയര്‍മാനുമായ ആര്യാടന്‍ ഷൗക്കത്തിനും മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന് നേരത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആര്യാടന്റെ വസതിക്ക് പോലീസ് കാവലും ഏര്‍പ്പെടുത്തിയിരുന്നു. മാവോയിസ്റ്റുകള്‍ക്ക് ഇടപെടാന്‍ അവസരം നല്‍കാതെ നിലമ്പൂര്‍ നഗരസഭയിലെ ആദിവാസി, പട്ടികജാതി കോളനികകളില്‍ ‘ഒപ്പത്തിനൊപ്പം’ എന്ന വികസന പദ്ധതി നടപ്പാക്കിയതാണ് ആര്യാടന്‍ ഷൗക്കത്ത് മാവോയിസ്റ്റുകളുടെ നോട്ടപ്പുള്ളിയാകാന്‍ കാരണമെന്നായിരുന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

ആര്യാടന്‍ ഷൗക്കത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

സായുധ സമരം വെടിഞ്ഞ് മാവോയിസ്റ്റുകള്‍ ജനങ്ങളിലേക്കിറങ്ങട്ടെ..

ആദിവാസികളുടെയും പാവപ്പെട്ടവരെയും ചൂഷണം ചെയ്യുന്നതിനെതിരെ നിലകൊള്ളുന്ന മാവോയിസ്റ്റുകളുടെ ആശയത്തെ ആരും എതിര്‍ക്കുന്നില്ല. എന്നാല്‍ അതിന്റെ ലക്ഷ്യപ്രാപ്തിക്കായി ആയുധമെടുത്ത് നിരപരാധികളുടെ ജീവന്‍ ബലികൊടുത്തുള്ള സായുധപോരാട്ടത്തോടാണ് എതിര്‍പ്പ്. എതിര്‍ശബ്ദങ്ങളെല്ലാം അടിച്ചമര്‍ത്തുന്ന പട്ടാളഭരണമോ, രാജഭരണമോ, സാമ്രാജ്യത്വ ഭരണമോ അല്ല, ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന ജനാധിപത്യ ഭരണ സംവിധാനമാണ് ഇന്ത്യയിലുള്ളത്. ചൂഷണത്തിനും അനീതികള്‍ക്കുമെതിരെ പോരാടാനും സമരം നടത്താനുമുള്ള സ്വാതന്ത്ര്യം ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കുണ്ട്. ജനാധിപത്യ അവകാശം വിനിയോഗിച്ച് ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി കാട്ടില്‍ നിന്നും നാട്ടിലിറങ്ങി പ്രവര്‍ത്തിക്കുകയാണ് മാവോയിസ്റ്റുകള്‍ ചെയ്യേണ്ടത്.

കമ്യൂണിസ്റ്റ് ക്യൂബയിലെ മന്ത്രി സ്ഥാനം വലിച്ചെറിഞ്ഞ് ബൊളീവിയന്‍ കാടുകളില്‍ വിപ്ലവം വിജയിപ്പിക്കാന്‍ പോരാടിയ ചെഗുവേര സാമ്രാജ്യത്വത്തിന്റെ വെടിയുണ്ടകള്‍ക്കുമുന്നില്‍ രക്തസാക്ഷിത്വം വഹിച്ച് പതിറ്റാണ്ടുകള്‍ കഴിഞ്ഞാണ് ബൊളീവിയയില്‍ ഇടതുപക്ഷത്തിനു ഭരണം ലഭിച്ചത് സായുധകലാപത്തിലൂടെയല്ല ജനാധിപത്യത്തിലൂടെയാണ്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഇടതുപക്ഷം ഭരണത്തിലേറിയതും ജനാധിപത്യ തെരഞ്ഞെടുപ്പുകളിലൂടെയാണെന്നത് വിസ്മരിക്കാനാവില്ല. സായുധകലാപങ്ങളിലൂടെ നേടിയ അധികാരങ്ങളൊന്നും ജനോപകാരപ്രദമായ രീതിയില്‍ ഉപയോഗിക്കാനായിട്ടില്ല എന്ന ചരിത്രം നമുക്കു മുന്നിലുണ്ട്.

രൂപേഷ് അടക്കമുള്ള മാവോയിസ്റ്റുകളെ മനുഷ്യരായി കണ്ട് അവര്‍ക്ക് പൗരസ്വാതന്ത്ര്യവും നീതിയും ഉറപ്പുവരുത്താനുളളനീക്കം ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം. വിചാരണയില്ലാതെ വര്‍ഷങ്ങള്‍ ജയിലിലടക്കുന്നത് മനുഷ്യത്വപരമല്ല. കുറ്റാരോപിതരായി വര്‍ഷങ്ങള്‍ ജയിലിലടച്ച് ഒടുവില്‍ നിരപരാധികളെന്നു കണ്ടെത്തി വിട്ടയക്കുമ്പോള്‍ ഇവര്‍ അനുഭവിച്ച യാതനകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍പോലും കഴിയാത്തത് ഖേദകരമാണ്. അതിനാല്‍ കാലവിളംമ്പമില്ലാതെ നീതിപൂര്‍വ്വകമായ വിചാരണ നടത്താന്‍ ഭരണകൂടം പ്രത്യേക ശ്രദ്ധചെലുത്തണം. മാവോയിസ്റ്റുകള്‍ ജനങ്ങള്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ സായുധകലാപം വെടിഞ്ഞ് ജനങ്ങളിലേക്കിറങ്ങണം.

Top