മാറ്റത്തിന്റെ സൂചനയുമായി പുതിയ ലുക്കില്‍ ഗൂഗിള്‍

കാലിഫോര്‍ണിയ: പുതിയ തണലില്‍ എത്തിയ ഗൂഗിള്‍ അടിമുടി മാറുകയാണ്. ആല്‍ഫബെറ്റ് ഇന്‍കോര്‍പറേറ്റഡ് എന്ന ഹോള്‍ഡിംഗ് കമ്പനിക്ക് കീഴില്‍ എത്തിയ ശേഷം അടിമുടി മാറുന്നതിന്റെ സൂചനയായി ലോഗോയില്‍ മാറ്റം മാറ്റം വരുത്തിയിരിക്കുകയാണ് ലോകത്തില്‍ ഏറ്റവും പ്രചാരമേറിയ സെര്‍ച്ച് എഞ്ചിന്‍.

ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗിലാണ് പുതിയ ലോഗോ നിലവില്‍ വന്നതിനെക്കുറിച്ച് അറിയിച്ചത്. ഗൂഗിളിന്റെ ഹോം പേജില്‍ ആനിമേഷന്‍ രൂപത്തിലാണ് പുതിയ ലോഗോ അവതരിപ്പിക്കുന്നത്. ലോഗോയില്‍ മാത്രമല്ല ഐക്കണിലും ഗൂഗിള്‍ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. മുമ്പ് നീല നിറത്തിലുള്ള ചെറിയക്ഷരം ജി ആയിരുന്നു ഗൂഗിള്‍ ഐക്കണ്‍. ഇപ്പോള്‍ ഇത്പരിഷ്‌ക്കരിച്ച് നാല് നിറങ്ങളിലുള്ള വലിയ അക്ഷരത്തിലുള്ള ജി ആയിട്ടുണ്ട്.

ഗൂഗിളിന്റെ സി.ഇ.ഒ ആയി ഇന്ത്യന്‍ വംശജനായ സുന്ദര്‍ പിച്ചൈ എത്തിയതിന് ശേഷം ഗൂഗിളില്‍ വന്നിരിക്കുന്ന പ്രധാന മാറ്റമാണിത്. കഴിഞ്ഞ 17 വര്‍ഷത്തിനിടെ ഗൂഗിള്‍ ഉത്പന്നങ്ങളുടെ കെട്ടിലും മട്ടിലും അടക്കം, ഗൂഗിളിനു ഒട്ടേറെ മാറ്റങ്ങള്‍ സംഭവിച്ചു. പുതിയ കാലത്തിനൊപ്പം സഞ്ചരിക്കാനാണ് ഇപ്പോഴത്തെ മാറ്റമെന്നു ഗൂഗിള്‍ ബ്ലോഗില്‍ കുറിച്ചു.

കഴിഞ്ഞ കാലത്തിനിടെ ഗൂഗിള്‍ ലോഗോയ്ക്കു വന്ന മാറ്റങ്ങളെ വ്യക്തമാക്കുന്ന യൂട്യൂബ് വിഡിയോയും ഗൂഗിള്‍ കമ്പനി പുറത്തിറക്കി. മുമ്പ് 2011 സെപ്റ്റംബറിലായിരുന്നു ഗൂഗിള്‍ ലോഗോയ്ക്ക് മാറ്റങ്ങള്‍ വരുത്തിയത്.

Top