മാരുതി സുസുക്കി എര്‍ട്ടിഗയുടെ ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കി

വിവിധോദ്ദേശ്യ വാഹന(എം പി വി)മായ മാരുതി സുസുക്കി ‘എര്‍ട്ടിഗ’യുടെ വില്‍പ്പന രണ്ടു ലക്ഷം യൂണിറ്റിലെത്തിയതിന്റെ ആഘോഷമായി പ്രത്യേക പരിമിതകാല പതിപ്പ് പുറത്തിറക്കി.

പെട്രോള്‍, ഡീസല്‍ എന്‍ജിനുകളോടെ വി എക്‌സ് ഐ, വി ഡി ഐ വകഭേദങ്ങള്‍ ആധാരമാക്കിയാണു കമ്പനി എര്‍ട്ടിഗ പസിയോ എക്‌സ്‌പ്ലോര്‍ എഡീഷന്‍ സാക്ഷാത്കരിച്ചത്.

ബാഹ്യഭാഗത്ത് പാര്‍ശ്വങ്ങളിലെ പുതിയ ഗ്രാഫിക്‌സ്, പിന്‍ സ്‌പോയ്‌ലര്‍, വിനൈല്‍ പൊതിഞ്ഞ, കുറുപ്പ് നിറമുള്ള ഡി പില്ലര്‍ എന്നിവയാണു പരിമിതകാല പതിപ്പിലെ മാറ്റങ്ങള്‍.

അകത്തളത്തിലാവട്ടെ പുത്തന്‍ സീറ്റ് കവര്‍, സ്റ്റീയറിങ് വീല്‍ കവര്‍, ഹാന്‍ഡ്‌സ് ഫ്രീ ബ്ലൂ ടൂത്ത് കിറ്റ്, പിന്നിലെ രണ്ടാം നിരയിലുള്ള ക്യാപ്റ്റന്‍ സീറ്റുകളുടെ മധ്യത്തില്‍ കൂള്‍/വാം ബോക്‌സ്, വേഗമേറിയ മള്‍ട്ടി ചാര്‍ജര്‍, പിലോ, ഡോര്‍ സില്‍ ഗാര്‍ഡ്, ഡിസൈനര്‍ മാറ്റ്, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ എന്നിവയെല്ലാം ഇടംപിടിക്കുന്നു.

ടയര്‍ പഞ്ചറായാല്‍ രക്ഷയ്‌ക്കെത്തുന്ന ഡിജിറ്റല്‍ ടയര്‍ ഇന്‍ഫ്‌ളേറ്ററും പരിമിതകാല പതിപ്പിനൊപ്പം മാരുതി സുസുക്കി വാഗ്ാദനം ചെയ്യുന്നുണ്ട്.

സുപ്പീരിയര്‍ വൈറ്റ്, സില്‍ക്കി സില്‍വര്‍ നിറങ്ങളില്‍ മാത്രമാണു ‘പസിയോ എക്‌സ്‌പ്ലോര്‍ എഡീഷന്‍’ വില്‍പ്പനയ്‌ക്കെത്തുക. കാറിന്റെ വില മാരുതി സുസുക്കി പ്രഖ്യാപിച്ചിട്ടില്ല; എങ്കിലും സൗകര്യങ്ങളും സംവിധാനങ്ങളുമൊക്കെ പരിഗണിക്കുമ്പോള്‍ സാധാരണ ‘വി എക്‌സ് ഐ’, ‘വി ഡി ഐ’ വകഭേദങ്ങളെ അപേക്ഷിച്ച് 25,000 മുതല്‍ 35,000 രൂപ വരെ അധികമാവാനാണു സാധ്യത.

അതേസമയം ‘എര്‍ട്ടിഗ’യുടെ സമഗ്രമായി പരിഷ്‌കരിച്ച പതിപ്പ് അടുത്ത 20ന് ഇന്തൊനീഷയില്‍ നടക്കുന്ന ഗയ്കിന്‍ഡൊ ഇന്തൊനീഷ ഇന്റര്‍നാഷനല്‍ ഓട്ടോ ഷോ(ജി ഐ ഐ എ എസ്)യില്‍ അരങ്ങേറ്റം കുറിക്കുന്നുണ്ട്. വൈകാതെ ഈ മോഡല്‍ ഇന്ത്യയിലും അവതരിപ്പിക്കുമെന്നാണു പ്രതീക്ഷ.

Top