മാരുതി ബലേനോ ഒക്ടോബറില്‍ ഇന്ത്യന്‍ വിപണിയിലെത്തും

മാരുതി സുസൂക്കി പുറത്തിറക്കുന്ന പുതിയ പ്രീമിയം ഹാച്ച്ബാക്കിന് ബലേനോ എന്നു പേരിട്ടു. അടുത്തമാസം നടക്കുന്ന ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ഷോയില്‍ ഈ മോഡലിനെ സുസൂക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ അവതരിപ്പിക്കും. ഒക്ടോബറോടെ ബലേനോ ഇന്ത്യന്‍ വിപണിയിലെത്തും. വൈആര്‍എ കണ്‍സപ്റ്റാണ് ബലേനോ ആയി മാറുന്നത്.

ഹോണ്ട ജാസ് , ഹ്യുണ്ടായി എലൈറ്റ് ഐ 20 മോഡലുകളോടാണ് ബലേനോ മത്സരിക്കുക. ഏഴ് ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയിലായിരിക്കും വില. പെട്രോള്‍ , ഡീസല്‍ എന്‍ജിന്‍ വകഭേദങ്ങളുണ്ടാകും.

മാരുതി സുസൂക്കിയുടെ ആദ്യ സി സെഗ്‌മെന്റ് സെഡാന്റെ പേരായിരുന്നു ബലേനോ. 1999 ലായിരുന്നു വിപണി പ്രവേശം. ഹോണ്ട സിറ്റിയ്ക്കു മുന്നില്‍ അടിപതറിയ ഈ മോഡലിനെ 2006 ല്‍ കമ്പനി പിന്‍വലിച്ചു. പകരമായി എസ്എക്‌സ് ഫോറിനെ അവതരിപ്പിച്ചു. പിന്നീട് എസ്എക്‌സ് ഫോറിന് പകരക്കാരനായി സിയാസ് വിപണിയിലെത്തി.

എസ് ക്രോസിനെപ്പോലെ , നെക്‌സാ പ്രീമിയം കാര്‍ ഡീലര്‍ഷിപ്പുകളില്‍ കൂടി മാത്രമാണ് പുതിയ ബലേനോയും കമ്പനി വില്‍പ്പന നടത്തുക. 2020 ഓടെ പ്രതിവര്‍ഷ കാര്‍ വില്‍പ്പന 20 ലക്ഷമായി ഉയര്‍ത്തുകയാണ് മാരുതി സുസൂക്കിയുടെ ലക്ഷ്യം.

Top