മാരുതി ഡിസയറിന്റെ വില്‍പ്പന 10 ലക്ഷം തികഞ്ഞു

മൂന്ന് വര്‍ഷമായി ഇന്ത്യയിലെ ഏറ്റവും വില്‍പ്പനയുള്ള എന്‍ട്രി ലെവല്‍ സെഡാനായ മാരുതി ഡിസയറിന്റെ വില്‍പ്പന 10 ലക്ഷം തികഞ്ഞു.

സ്വിഫ്ടിനെ അടിസ്ഥാനമാക്കി നിര്‍മിച്ച ഡിസയര്‍ 2008 ലാണ് വിപണിയിലെത്തിയത്. ടാറ്റ ഇന്‍ഡിഗോയുമായി മത്സരിക്കാനെത്തിയ സ്വിഫ്ട് തുടക്കം മുതല്‍ തന്നെ മികച്ച വില്‍പ്പന നേടി. നീളം നാലുമീറ്ററിലൊതുക്കിയ രണ്ടാം തലമുറ ഡിസയര്‍ 2012 ല്‍ പുറത്തിറങ്ങി. പഴയ മോഡലിനെ ഡിസയര്‍ ടൂര്‍ എന്ന പേരില്‍ ടാക്‌സി കാറായി നിലനിര്‍ത്തിയിട്ടുണ്ട്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഡിസയറിന്റെ മുഖം മിനുക്കിയിരുന്നു. ഹോണ്ട അമെയ്‌സ് , ഹ്യുണ്ടായി എക്‌സന്റ് , ടാറ്റ സെസ്റ്റ് എന്നിവയാണ് ഡിസയറിന്റെ പ്രധാന എതിരാളികള്‍ .

പത്ത് ലക്ഷത്തിലേറെ എണ്ണം വില്‍പ്പന നടന്ന ആറാമത്തെ മാരുതി കാറാണ് ഡിസയര്‍ . ആള്‍ട്ടോ ( 28.3 ലക്ഷം ) , മാരുതി 800 (26.7 ലക്ഷം), ഓമ്‌നി ( 16.80 ലക്ഷം ) വാഗണ്‍ ആര്‍ (16.3 ലക്ഷം), സ്വിഫ്ട് (13.6 ലക്ഷം ) എന്നിവയാണ് ഈ പദവി നേടിയ മറ്റു മാരുതി മോഡലുകള്‍ .

Top