മാരുതി എര്‍ട്ടിഗയുടെ നവീകരിച്ച പതിപ്പ് ഒക്ടോബറില്‍ ഇന്ത്യയിലെത്തും

മാരുതി സുസൂക്കി എര്‍ട്ടിഗയുടെ നവീകരിച്ച മോഡല്‍ ഇന്തോനേഷ്യ ഇന്റര്‍നാഷണല്‍ ഓട്ടോഷോയില്‍ അരങ്ങേറ്റം കുറിച്ചു. സൗന്ദര്യപരമായ മെച്ചപ്പെടുത്തലുകളാണ് എര്‍ട്ടിഗയില്‍ നടത്തിയിരിക്കുന്നത്. ഹോണ്ട മൊബീലിയോ, ഷെവര്‍ലെ എന്‍ജോയ്, റെനോ ലോഡ്ജി മോഡലുകളോട് മത്സരിക്കുന്ന എര്‍ട്ടിഗയുടെ പുതിയ പതിപ്പ് ഒക്ടോബറില്‍ ഇന്ത്യയില്‍ പ്രതീക്ഷിക്കാം.

മൂന്ന് ക്രോം പട്ടകളുളള ഗ്രില്‍ , പരിഷ്‌കരിച്ച ബമ്പര്‍, ഫോഗ് ലാംപുകള്‍ക്കു പുതിയ ചുറ്റുഭാഗം എന്നിവ മുന്‍ഭാഗത്തിനു വ്യത്യസ്തത നല്‍കുന്നു. ബോണറ്റിന്റെ രൂപകല്‍പ്പനയില്‍ മാറ്റമില്ല. 10 സ്‌പോക്ക് 15 ഇഞ്ച് അലോയ്‌സ്, നവീകരിച്ച ടെയ്ല്‍ ലാംപ് ക്ലസ്റ്റര്‍ റിയര്‍ ബമ്പര്‍, നമ്പര്‍ പ്ലേറ്റിന് ക്രോം അലങ്കാരം, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍ എന്നിവയും പുതുമകളാണ്.

ബ്ലാക്ക് ബ്രൗണ്‍ നിറക്കൂട്ടിലാണ് ഡാഷ്‌ബോര്‍ഡ്. സ്റ്റിയറിങ് വീലിന് സില്‍വര്‍ ഇന്‍സേര്‍ട്ട് നല്‍കിയിരിക്കുന്നു. ഏഴ് സീറ്റര്‍ എംപിവിയുടെ എന്‍വിഎച്ച് ലെവലും മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രിക്കലായി മടക്കാവുന്ന ബാഹ്യമിററുകള്‍ , രണ്ടാം നിരയില്‍ 12 വോള്‍ട്ട് പവര്‍ ഔട്ട്‌ലെറ്റ് , 50:50 അനുപാതത്തില്‍ മടക്കാവുന്ന മൂന്നാം നിര സീറ്റ് എന്നിവ പുതിയ ഫീച്ചറുകളാണ്.

എന്‍ജിന്‍ പഴയതുപോലെ തന്നെ. 1.4 ലീറ്റര്‍ കെ സീരീസ് പെട്രോള്‍ , 1.3 ലീറ്റര്‍ ഡിഡിഐഎസ് ഡീസല്‍ എന്‍ജിന്‍ വകഭേദങ്ങളുണ്ട്.

Top