മാരുതിയുടെ ബലെനോ ഹാച്ചബാക്ക് ഇന്ത്യയില്‍ ഉല്‍പാദനം തുടങ്ങി

മാരുതി സുസൂക്കി ബലെനോ ഹാച്ച്ബാക്ക് മോഡല്‍ ഇന്ത്യയില്‍ ഉല്‍പാദനം തുടങ്ങി. മനെസറിലെ മാരുതി പ്ലാന്റിലാണ് ഉല്‍പാദനം നടക്കുന്നത്. വാഹനത്തിന്റെ ലോഞ്ച് അടുത്തുതന്നെ സംഭവിക്കുമെന്നതിന്റെ സൂചനയാണിത്. അടുത്ത ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ ബലെനോ വിപണിയിലെത്തും. തിരക്കിട്ട് ഉല്‍പാദനത്തിലേക്ക് കടന്നതിന്റെ ലക്ഷ്യം ദീപാവലി സീസണില്‍ തന്നെ ലോഞ്ച് നടത്തുന്നതിനാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സുസൂക്കിയുടെ ബൂസ്റ്റര്‍ജെറ്റ് സാങ്കേതികതയില്‍ നിര്‍മിച്ച ഒരു 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനായിരിക്കും ഈ ഹാച്ച്ബാക്കില്‍ ചേര്‍ക്കുക. ഭാരക്കുറവുള്ള ദ്രവ്യങ്ങളുപയോഗിച്ച് നിര്‍മിച്ചതാണ് ഈ എന്‍ജിന്‍.

സുസൂക്കിയുടെ മാതൃദേശമായ ജപ്പാനിലേക്കും ബലെനോ ഹാച്ച്ബാക്ക് കയറ്റി അയയ്ക്കുമെന്നാണ് അറിയുന്നത്. ഇന്ത്യയില്‍ പ്രീമിയം നിലവാരത്തിലുള്ള വാഹനങ്ങളുടെ കൂട്ടത്തിലായിരിക്കും ബലെനോയുടെ സ്ഥാനം. മാരുതിയുടെ നെക്‌സ ഷോറൂമുകളിലൂടെയായിരിക്കും വില്‍പന.

ഒരു പെട്രോള്‍ എന്‍ജിനും വാഹനത്തിലുണ്ടായിരിക്കും. ബൂസ്റ്റ്‌ജെറ്റ് സാങ്കേതികതയില്‍ നിര്‍മിക്കപെട്ട 1 ലിറ്റര്‍ എന്‍ജിനോ, നിലവില്‍ എര്‍റ്റിഗയില്‍ ഉപയോഗിക്കുന്ന 1.4 ലിറ്റര്‍ എന്‍ജിനോ ആയിരിക്കും വാഹനത്തിലുപയോഗിക്കുക.

സെപ്തംബര്‍ 15ന് തുടങ്ങുന്ന ഫ്രാങ്ഫര്‍ട്ട് മോട്ടോര്‍ ഷോയില്‍ മാരുതി സുസൂക്കി ബലെനോ അവതരിപ്പിക്കപ്പെടുമെന്ന് പ്രഖ്യാപനം വന്നിട്ടുണ്ട്. ലോഞ്ച് ഇതിനു ശേഷമായിരിക്കും നടക്കുക. അന്താരാഷ്ട്രവിപണികളിലേക്ക് ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുകയും ചെയ്യും ഈ വാഹനം.

ഹോണ്ട ജാസ്സ്, ഫിയറ്റ് പൂന്തോ ഇവോ, ഫോക്‌സ്‌വാഗണ്‍ പോളോ, എലൈറ്റ് ഐ20 എന്നീ കാറുകളാണ് ബലെനോയുടെ എതിരാളികളായി വിപണിയിലുള്ളത്.

Top