മാന്യന്‍മാരുടെ കളിയില്‍ ചോര പൊടിയുന്നു; സമ്മേഴ്‌സ് മുതല്‍ ഹ്യൂസ് വരെ

മാന്യന്‍മാരുടെ കളി എന്നറിയപ്പെടുന്ന ക്രിക്കറ്റില്‍ ജീവന്‍ പൊലിഞ്ഞവര്‍ നിരവധിയാണ്. കളിക്കളത്തില്‍ ജീവന്‍ നഷ്ടമായവരില്‍ ഏറ്റവും ഒടുവിലത്തെ ആളാണ് ഇന്ന് അന്തരിച്ച ഓസ്‌ട്രേലിയന്‍ താരം 25കാരനായ ഫിലിപ്പ് ഹ്യൂസ്. ചൊവ്വാഴ്ച്ചയായിരുന്നു ഓസ്‌ട്രേലിയന്‍ ആഭ്യന്തര ക്രിക്കറ്റ് ടീമായ സൗത്ത് ഓസ്‌ട്രേലിയയ്ക്ക് വേണ്ടി കളിക്കുന്നതിനിടെ പരിക്കേറ്റത്. ബൗണ്‍സ് ബോള്‍ പുള്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പന്ത് ഹെല്‍മെറ്റ് തകര്‍ത്ത് തലയില്‍ കൊള്ളുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായിരുന്ന ഹ്യൂസ് ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഇതിന് മുമ്പ് കളിക്കളത്തില്‍ കൊല്ലപ്പെട്ട ക്രിക്കറ്റ് താരം മുന്‍ ഇന്ത്യന്‍ താരമായ രമണ്‍ ലാംബയാണ്. 16 കൊല്ലം മുമ്പാണ് രമണ്‍ ലാംബ ഫീല്‍ഡിംഗിനിടെ തലയ്ക്ക് പന്തടിയേറ്റ് മരണത്തിന് കീഴടങ്ങിയത്. 1998 ഫെബ്രുവരി 23നായിരുന്നു 38കാരനായ ലാംബയുടെ അന്ത്യം.
ബംഗ്ലാദേശില്‍ ക്ലബ് ക്രിക്കറ്റ് കളിക്കുമ്പോള്‍ ഹെല്‍മറ്റില്ലാതെ ഷോര്‍ട്ട് ലെഗ്ഗില്‍ ഫീല്‍ഡ് ചെയ്യുകയയാിരുന്ന ലാംബയ്ക്ക് ബാറ്റ്‌സ്മാന്റെ ഷോട്ട് തടുക്കാന്‍ കഴിഞ്ഞില്ല. തലയ്ക്ക് പന്തുകൊണ്ട അദ്ദേഹം മൂന്നു ദിവസത്തോളം ആശുപത്രിക്കിടക്കയില്‍ മല്ലിട്ട ശേഷമാണ് മരണത്തിന് കീഴടങ്ങിയത്. 1986ല്‍ ശ്രീലങ്കയ്‌ക്കെതിരെ ടെസ്റ്റില്‍ അരങ്ങേറിയ ലാംബ നാല് ടെസ്റ്റുകളിലും 32 ഏകദിനങ്ങളിലും ഇന്ത്യന്‍ കുപ്പായമണിഞ്ഞു. 1991ലാണ് ബംഗ്ലാദേശിലെ ക്ലബ് ക്രിക്കറ്റിലെത്തിയത്.

ഇംഗ്ലീഷ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം ഇയാന്‍ ഫോളിയും കളിക്കളത്തില്‍ വച്ച് ജീവന്‍ വെടിഞ്ഞ ആളാണ്. മികച്ച ബോളറായിരുന്ന ഫോളി 1993ല്‍ വൈറ്റ് ഹൈവനു വേണ്ടി കളിക്കുമ്പോഴാണ് പന്ത് കണ്ണിനു തൊട്ട് താഴെ കൊണ്ട് പരിക്കേറ്റ് മരിച്ചത്.

നോട്ടിംഗ് ഹാംഷംറിന്റെ ജോര്‍ജ് സമ്മേഴ്‌സ് 1870ല്‍ തലയ്ക്ക് പന്ത് കൊണ്ട് മരിച്ചിപുന്നു. ലോര്‍ഡ്‌സില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. പാക്കിസ്ഥാന്‍കാരന്‍ അബ്ദുള്‍ അസീസ് എന്ന പതിനേഴ്കാരന്‍ 1958-59ല്‍ ക്വായ്ദ് -ഇ- അസം ഫൈനലില്‍ പന്ത് നെഞ്ചത്ത് കൊണ്ടാണ് മരിച്ചത് ക്രിക്കറ്റ് ലോകത്തിന് ഇന്നും തീരാ ദുഃഖമാണ്. പ്രീമിയര്‍ ലീഗില്‍ ബാറ്റ് ചെയ്യവേ ദക്ഷിണാഫ്രിക്കക്കാരന്‍ ഡാരന്‍ റാന്‍ഡല്‍ (32) പന്ത് തലയില്‍ കൊണ്ട് മരിച്ചതും ക്രിക്കറ്റ് ലോകത്തെ ഞെ്ട്ടിച്ചിരുന്നു.

പാക്കിസ്ഥാന്‍ പ്രാദേശിക ലീഗ് താരം സുള്‍ഫിക്കര്‍ ഭാട്ടി 2013ല്‍ ബൗണ്‍സര്‍ നെഞ്ചിലിടിച്ച് മരിച്ചിരുന്നു. സൂക്കറില്‍ പ്രാദേശിക മത്സരത്തിനിടെയായിരുന്നു അപകടം. പിച്ചില്‍ കുഴഞ്ഞു വീണ ഭാട്ടി ആശുപത്രിയിലേക്കുള്ള വഴി മധ്യേ മരിച്ചു.

Top