മാധ്യമ സഖാക്കളുടെ ‘കടിപിടി’ രാഗേഷിന് തുണയായി; ഇനി വീണ്ടും ഡല്‍ഹിക്ക്…

തിരുവനന്തപുരം: ഒഴിവ് വരുന്ന രാജ്യസഭാ സീറ്റില്‍ എസ്എഫ്‌ഐ മുന്‍ അഖിലേന്ത്യാ പ്രതിസഡന്റിനെ പരിഗണിക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചത് മാധ്യമ സഖാക്കളുടെ ‘കടിപിടി’.

ദേശാഭിമാനി മുന്‍ റസിഡന്റ് എഡിറ്റര്‍ കൂടിയായ പി.രാജീവിന്റെ ഒഴിവില്‍ കയറിപ്പറ്റാന്‍ പാര്‍ട്ടി പത്രത്തിലേയും ചാനലിന്റെയും സഖാക്കള്‍ രംഗത്തുണ്ടായിരുന്നു.

ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പ്രഭാവര്‍മ്മ, കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ മാധവന്‍കുട്ടി, പി.എം മനോജ്, കൈരളി ടി.വി എം.ഡി ജോണ്‍ ബ്രിട്ടാസ് എന്നിവരുടെ പേരുകളാണ് പാര്‍ട്ടി കേന്ദ്രങ്ങളില്‍ ഉയര്‍ന്നിരുന്നത്.

ഇവരില്‍ പലര്‍ക്കുംവേണ്ടി സംസ്ഥാന നേതാക്കള്‍ തന്നെ രംഗത്ത് വന്നതോടെ ഭിന്നത ഒഴിവാക്കാന്‍ മാധ്യമ രംഗത്ത് നിന്ന് ആരെയും പരിഗണിക്കേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു.

അങ്ങനെയാണ് ഒടുവില്‍ കെ.കെ രാഗേഷിന് നറുക്ക് വീണത്. എസഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ശിവദാസനെ പരിഗണിച്ചെങ്കിലും എസ്എഫ്‌ഐ മുന്‍ ദേശീയ പ്രസിഡന്റായ രാഗേഷിനെ പരിഗണിക്കണമെന്ന വാദത്തിനാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ പ്രാമുഖ്യം കിട്ടിയത്.

ശിവദാസനെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പരിഗണിക്കുമെന്നാണ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന സൂചന.

തിരഞ്ഞെടുപ്പ് അങ്കക്കളരിയില്‍ അടിതെറ്റിയ രാഗേഷിന് രാജ്യസഭ എം.പി സ്ഥാനം വഴി വീണ്ടും ഡല്‍ഹിയില്‍ സജീവമാകാനുള്ള അവസരമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

Top